നിതിൻ പട്ടേലിനു സ്വാഗതമെന്ന് ഹാര്‍ദിക്; സർക്കാര്‍ രൂപീകരിക്കാമെന്ന് കോൺഗ്രസ്

അഹമ്മദാബാദ്∙ ഗുജറാത്തിൽ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കം കുറിച്ചതിനു പിന്നാലെ നിർണായക നീക്കവുമായി പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ‌. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ തങ്ങൾക്കൊപ്പം നിൽക്കാൻ ഹാർദിക് സ്വാഗതം ചെയ്തു. ബിജെപിക്കു വേണ്ടി ഏറെ അധ്വാനിച്ച വ്യക്തിയാണ് അദ്ദേഹം. നിതിൻ പട്ടേലിനെ ബിജെപി ബഹുമാനിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന് പട്ടേൽ സംവരണ പ്രക്ഷോഭ സമിതിക്കൊപ്പം ചേരാമെന്ന് സംഘടനയുടെ ചിന്തൻ ശിബിരത്തിൽ ഹാർദിക് വ്യക്തമാക്കി. ആവശ്യപ്പെട്ട വകുപ്പുകൾ കിട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്നറിയിച്ച് നിതിൻ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും കത്തയച്ചിരുന്നു.

ബിജെപി വിടുകയാണെങ്കിൽ നിതിൻ പട്ടേലിനെ പിന്തുണയ്ക്കാൻ തയറാണെന്ന് ഹാർദിക് പറഞ്ഞു. ഉചിതമായ സ്ഥാനം അദ്ദേഹത്തിനു ലഭിക്കാൻ കോണ്‍ഗ്രസുമായി ചർച്ച നടത്താനും തയാറാണെന്നും ഹാർദിക് അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. ആനന്ദിബെൻ പട്ടേലിന് ശേഷം ബിജെപി നേതൃത്വം നിതിൻ പട്ടേലിനെ ലക്ഷ്യം വയ്ക്കുകയാണ്. പട്ടേലിന്റെയും അദേഹത്തിന്റെ അനുയായികളുടെയും പിന്തുണയുണ്ടെങ്കില്‍ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പാർട്ടി തയാറാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ഭരത്‍സിങ് സോളങ്കിയും അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് വകുപ്പ് വിഭജനം സംബന്ധിച്ച് മുതിർന്ന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചത്. മുൻപുണ്ടായിരുന്ന നഗരവികസനം, ധനം, പെട്രോളിയം വകുപ്പുകൾ വേണമെന്നായിരുന്നു നിതിന്റെ ആവശ്യം. എന്നാൽ, ഈ വകുപ്പുകൾ മുഖ്യമന്ത്രി വിജയ് രൂപാണി അദ്ദേഹത്തിന് നൽകിയില്ല. തുടർന്നാണ് തർക്കം ഉടലെടുത്തത്. ചോദിച്ച വകുപ്പുകൾ മൂന്ന് ദിവസത്തിനകം നൽ‌കിയില്ലെങ്കിൽ രാജിവയ്ക്കുമെന്നാണ് നിതിൻ പട്ടേൽ അറിയിച്ചിട്ടുള്ളത്.