മോദി പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നു, ചൈന ചെയ്തുകാട്ടുന്നു: രാഹുൽ

ന്യൂഡൽഹി ∙ ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുമ്പോൾ, വളർച്ചയുടെ മിക്ക മേഖലകളിലും ചൈന ഇന്ത്യയെ മറികടന്നു മുന്നേറുന്നതായി കോൺഗ്രസ് അധ്യക്ഷൻ‌ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ സ്മാർട്ട് സിറ്റി പദ്ധതിയെ ഉദാഹരണമായി എടുത്തുകാട്ടിയാണ് മോദി സർക്കാരിനെ വിമർശിച്ചും ‘മോദി ഭക്തരെ’ പരിഹസിച്ചുമുള്ള കോൺഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്.

ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി സർക്കാരിനെതിരെ രാഹുൽ ഒളിയമ്പെയ്തത്. ചൈനയുടെ വളർച്ച വ്യക്തമാക്കുന്ന വിഡിയോയോടൊപ്പം ചേർത്തിരിക്കുന്ന ട്വീറ്റിന്റെ പരിഭാഷ ഇങ്ങനെ:

‘പ്രിയപ്പെട്ട മോദി ഭക്തരെ, സ്മാർട്ട് സിറ്റിക്കായി അനുവദിച്ച 9,860 കോടി രൂപയിൽ ഏഴു ശതമാനം മാത്രമാണ് ഇതുവരെ വിനിയോഗിച്ചതെന്ന് മനസിലാക്കുക. നിങ്ങളുടെ നേതാവ് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുമ്പോൾ ചൈന നമ്മെ മറികടന്നു മുന്നേറുകയാണ്. ഈ വിഡിയോ കണ്ട് ജോലി സാധ്യതകൾ സൃഷ്ടിക്കുന്നതിൽ പ്രധാനപ്പെട്ടതെന്താണെന്ന് നിങ്ങളുടെ നേതാവിനെ ഉപദേശിക്കുക.

#BJPEmptyPromises എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. കേവലം ഒരു മൽസ്യബന്ധന ഗ്രാമത്തിൽനിന്ന് ലോകമറിയുന്ന മെഗാസിറ്റിയായി വളർന്ന ചൈനയിലെ ഷെൻജെൻ ഗ്രാമമാണ് വിഡിയോയിലുള്ളത്.

രാജ്യത്ത് നിലനിൽക്കുന്ന തൊഴിലില്ലായ്മയുടെ പേരിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ അടുത്തകാലത്തായി കടുത്ത വിമർശനമാണ് കോൺഗ്രസും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും നടത്തിവരുന്നത്. ഇന്ത്യയിൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സൃഷ്ടിച്ച ‘മാജിക്’ ഓരോ 24 മണിക്കൂർ കൂടുമ്പോഴും 450 യുവാക്കൾക്ക് ജോലി നൽകുന്നതാണെന്ന് രാഹുൽ ഗാന്ധി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പരിഹസിച്ചിരുന്നു. ചൈനയിൽ ഓരോ ദിവസവും 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.