പഞ്ചിങ് ആദ്യദിനം ഉഷാറാക്കി സെക്രട്ടേറിയറ്റ്; കൃത്യസമയത്ത് വന്നത് 3050 പേർ

തിരുവനന്തപുരം∙ പഞ്ചിങ് സംവിധാനത്തെ ശമ്പളവുമായി ബന്ധിപ്പിച്ചതോടെ കൃത്യസമയത്ത് സെക്രട്ടേറിയറ്റിലെത്തി കൂടുതൽ ജീവനക്കാർ. ആകെയുള്ള 4497 ജീവനക്കാരിൽ ആദ്യ ദിവസം രാവിലെ 10.15ന് അകം ഹാജർ രേഖപ്പെടുത്തിയത് 3050 പേർ. വൈകി ഹാജരായത് 946 പേർ. ഹാജർ രേഖപ്പെടുത്താത്തവർ 501 പേരുണ്ട്. ഡിസംബർ 28നു കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയത് 1047 പേരായിരുന്നു. 2150 പേർ വൈകിയാണ് അന്നു പഞ്ച് ചെയ്തത്.

അറ്റൻഡൻസ് മാനേജ്‌മെന്റ് സിസ്റ്റം പരിഷ്‌കരിച്ചു സ്പാർക്കുമായി ബന്ധിപ്പിച്ചതോടെ സെക്രട്ടേറിയറ്റിൽ പുതിയ പഞ്ചിങ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനുകൾ അനിശ്ചിതമായി വൈകിയോടുന്നതിനാലാണു യഥാസമയം ജോലിക്കെത്താൻ കഴിയാതിരുന്നതെന്നാണ് ജീവനക്കാരുടെ വാദം. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനു പഞ്ചിങ് കർശനമാക്കിയിട്ടില്ലെങ്കിലും അവരിൽ വിരലടയാളം റജിസ്റ്റർ ചെയ്തവർ പഞ്ച് ചെയ്തു. മറ്റുള്ളവരുടെ റജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.

മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും പഞ്ചിങ്ങിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ പഞ്ചിങ് നടപ്പാക്കിയിട്ട് 15 വർഷമായെങ്കിലും ആദ്യമായാണ് ശമ്പളവുമായി ബന്ധിപ്പിക്കുന്നത്. ശമ്പളത്തെ ബാധിക്കാത്തതിനാൽ ഇതുവരെ പഞ്ചിങ്ങിന് പ്രധാന്യമുണ്ടായിരുന്നില്ല. സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഇനി തിരിച്ചറിയൽ കാർഡും നിർബന്ധമാണ്. അതേസമയം, പഞ്ചിങ് യന്ത്രം പുറത്തു സ്ഥാപിച്ചിരിക്കുന്നതിനാൽ പഞ്ച് ചെയ്തശേഷം ജീവനക്കാർ പുറത്തുപോയാൽ ഒന്നും ചെയ്യാനാവില്ല. 

ഒരുമാസം മൂന്നു മണിക്കൂർ സമയത്തിൽ ഇളവ് ലഭിക്കും. ഈ പരിധി കഴിഞ്ഞ് മൂന്നു ദിവസം വൈകിയെത്തുകയോ നേരത്തെ പോവുകയോ ചെയ്താൽ ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നഷ്ടമാകും. പഞ്ചിങിനൊപ്പം ആദ്യഘട്ടത്തിൽ ഹാജർ പുസ്തകത്തിലും ജീവനക്കാർ ഒപ്പിടണം. ജീവനക്കാര്‍ കൃത്യസമയത്ത് ഓഫിസിൽ എത്തുന്നില്ല, ഫയല്‍ നീങ്ങുന്നില്ല തുടങ്ങിയ ആക്ഷേപങ്ങള്‍ക്കു പരിഹാരമായാണു പഞ്ചിങ് ഏർപ്പെടുത്തിയത്.