Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവ.ഓഫിസുകളിലും വിദ്യാ.സ്ഥാപനങ്ങളിലും തൽക്കാലം പഞ്ചിങ് ഇല്ല

punching-machine

തിരുവനന്തപുരം∙ സ്കൂളുകളും കോളജുകളും ഉൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. പഞ്ചിങ് മെഷീനുകൾ സ്ഥാപിക്കുന്ന ജോലി നിർത്തിവയ്ക്കാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ കെൽട്രോണിനോട് ആവശ്യപ്പെട്ടു.

എല്ലാ ഓഫിസുകളിലും കൃത്യമായ സേവനം ഉറപ്പാക്കാൻ ബയോ മെട്രിക് പഞ്ചിങ് കർശനമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മേയ് 19 ന് ഉത്തരവിറക്കിയത്. ഗവ.ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബർ 31 ന് അകവും തദ്ദേശഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ, സർക്കാരിന്റെ ധനസഹായം വാങ്ങുന്ന ഓഫിസുകൾ എന്നിവിടങ്ങളിൽ ഡിസംബർ 31ന് അകവും പഞ്ചിങ് മെഷീൻ സ്ഥാപിക്കാനായിരുന്നു തീരുമാനം. ശമ്പളവിതരണ സോഫ്റ്റ്‍വെയറായ സ്പാർക്കുമായി മെഷീനെ ബന്ധപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. പഞ്ചിങ് മെഷീനു വേണ്ടി സംസ്ഥാനത്തെ പകുതിയോളം ഓഫിസുകളിൽ നിന്നായി ഒൻപതു കോടിയുടെ ഓർഡർ കെൽ‍ട്രോണിനു ലഭിച്ചിരുന്നു.

പ്രളയാനന്തര സാമ്പത്തിക പ്രതിസന്ധി മൂലമാണു പദ്ധതി തൽക്കാലം നിർത്തുന്നതെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ സാലറി ചാലഞ്ച് ഉൾപ്പെടെ വിഷയങ്ങളിൽ ജീവനക്കാർക്കുണ്ടായ അമർഷം പഞ്ചിങ് നടപ്പാക്കി ആളിക്കത്തിക്കേണ്ട എന്ന വികാരമാണു തീരുമാനത്തിനു പിന്നിലെന്ന് അറിയുന്നു. ഭരണാനുകൂല സർവീസ് സംഘടനകളായ എൻജിഒ യൂണിയനും ജോയിന്റ് കൗൺസിലും പാർട്ടി നേതൃത്വങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നു. പഞ്ചിങ് സംവിധാനം വരുന്നതോടെ എതിർപ്പു ശക്തമാകുമെന്നും ഇവർ മുന്നറിയിപ്പു നൽകി.

അതിനിടെ, സാലറി ചാലഞ്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സർവീസ് ബുക്കിൽ രേഖപ്പെടുത്തണമെന്ന് സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മന്ത്രി തോമസ് ഐസക്കിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.  

സെക്രട്ടേറിയറ്റിലെ പഞ്ചിങ് തുടരും

സെക്രട്ടേറിയറ്റിൽ ശമ്പള അക്കൗണ്ടിനെ പഞ്ചിങ് റിപ്പോർട്ടുമായി ബന്ധിപ്പിച്ചു. ജോലിക്കു താമസിച്ചു വരുന്നവരുടെയും നേരത്തേ പോകുന്നവരുടെയും ശമ്പളത്തിൽ നിന്നു പണം പോകും. രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് ഇവിടത്തെ ജോലിസമയം. രാവിലെ 10.20 വരെ ഇളവുണ്ട്. മാസം 150 മിനിറ്റ് വരെ വൈകാം.

related stories