പ്രധാനമന്ത്രി മോദിയുടെ ജനനം നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു: ജിഗ്‍നേഷ് മേവാനി

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ദലിത് അധികാർ മഞ്ച് കൺവീനർ ജിഗ്‍നേഷ് മേവാനി. 21–ാം നൂറ്റാണ്ടിൽ ലോകം കണ്ട മികച്ച നട‍നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ജിഗ്‍നേഷ് പരിഹസിച്ചു. ദലിതുകൾക്ക് പ്രധാനമന്ത്രി നൽകുന്ന പിന്തുണ വ്യാജമാണ്.

‘ലോകത്താകെ പ്രശസ്തനാകുന്ന മികച്ച ഒരു നടൻ ഇന്ത്യയിൽ ഉണ്ടാകുമെന്ന് അസാധാരണങ്ങളായ പ്രവചനങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രഞ്ചുകാരൻ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു’– പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ട്വിറ്ററിൽ ജിഗ്നേഷ് കുറിച്ചു. ദലിതുകളെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളുടെ വിഡിയോകളടക്കമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിപ്പണി ഉപേക്ഷിച്ച് നരേന്ദ്ര മോദി ഹിമാലയത്തിലേക്ക് പോകണമെന്ന് ജിഗ്‍നേഷ് ആവശ്യപ്പെട്ടിരുന്നു.

പുണെയിലെ ദലിത് നേതാവിന്റെ സമാധി വലതുപക്ഷ നേതാക്കളായ സംഭാജി ഭീടെ, മിലിന്ദ് എക്ബോധ് എന്നിവരുടെ നേതൃത്വത്തിൽ തക‍ര്‍ക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിൽ വ്യാപകമായി ദലിത് പ്രക്ഷോഭങ്ങളും ഉടലെടുത്തു. ഭീമ കൊറിഗാവ് യുദ്ധഅനുസ്മരണ സംഭവത്തിനിടെ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരിൽ ഇരു നേതാക്കൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കോപനപരമായ പ്രസംഗം നടത്തിയെന്ന കുറ്റത്തിന് ജിഗ്‍നേഷിനെതിരെയും കേസുണ്ട്.