സ്കൂൾ കലോല്‍സവത്തില്‍ ലോകായുക്ത ഇടപെടേണ്ട: ഹൈക്കോടതി

Representative Image

കൊച്ചി ∙ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ലോകായുക്ത ഉത്തരവുകളുമായി പങ്കെടുക്കുന്നതിന് ഹൈക്കോടതി വിലക്ക്. ലോകായുക്തയുടെ ഉത്തരവുകൾ ഹൈക്കോടതി പിൻവലിച്ചു. ഇത്തരത്തിൽ ഉത്തരവിറക്കാൻ‌ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കലോൽസവത്തിൽ പങ്കെടുക്കാനായി മൽസരാർഥികൾ ലോകായുക്തയിൽനിന്നു സമ്പാദിച്ച 52 ഉത്തരവുകൾ ഇതോടെ അസാധുവായി. ജില്ലാതല കലോൽസവത്തിൽ ഒന്നാമത് എത്താതിരുന്നവർക്കും സംസ്ഥാന കലോൽസവത്തിൽ പങ്കെടുക്കാൻ ലോകായുക്ത അനുമതി നൽകിയിരുന്നു.

ഇതിനിടെ, സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തൃശൂരില്‍ അരങ്ങുണര്‍ന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിയില്‍ പതാക ഉയര്‍ത്തി. ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കലാമാമാങ്കത്തിന് തുടക്കമാകും. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കര്‍ശന വിജിലന്‍സ് മേല്‍നോട്ടത്തിലാണ് മേള. നൃത്ത ഇനങ്ങളില്‍നിന്ന് എട്ട് ജഡ്ജിമാര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറിയതായി കെ.വി.മോഹന്‍കുമാര്‍ പറഞ്ഞു.

അതേസമയം, സ്കൂള്‍ കലോല്‍സവത്തില്‍നിന്ന് എട്ടു വിധികര്‍ത്താക്കള്‍ പിന്‍മാറി. പിന്‍മാറ്റം വ്യക്തിപരമായ കാരണങ്ങളാലാണന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പിന്‍മാറിയ എട്ടുപേര്‍ക്കും പകരക്കാരെ നിയമിച്ചു. വിധികര്‍ത്താക്കള്‍ വിജിലന്‍സിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്.