സർക്കാർ കനിയുന്നില്ല; കൊച്ചി മെട്രോ പ്രതിമാസം 6.60 കോടി രൂപ നഷ്ടത്തിൽ

കൊച്ചി ∙ സർക്കാരിന്റെ താൽപര്യം കുറയുന്നു, കൊച്ചി മെട്രോ പ്രതിദിനം നഷ്ടത്തിലേക്കു കുതിക്കുന്നു. മെട്രോയുടെ വരവും ചെലവും തമ്മിൽ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ് കലക്‌ഷൻ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 38 ലക്ഷം വരും.

ടിക്കറ്റ് വരുമാനത്തിലൂടെ ഇന്ത്യയിൽ ഒരു മെട്രോയും ലാഭത്തിലായിട്ടില്ലെന്നതു മാത്രമാണു കൊച്ചി മെട്രോയുടെ ആശ്വാസം. മൂന്നും നാലും വർഷം കഴിഞ്ഞാണ് മറ്റു മെട്രോകൾ പിടിച്ചുനിൽക്കാറായത്. എന്നാൽ, മറ്റു മെട്രോകൾ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോൾ അത്തരം വരുമാനത്തിനുള്ള കൊച്ചി മെട്രോയുടെ പദ്ധതി സർക്കാർ കെട്ടിപ്പൂട്ടി വച്ചിരിക്കുകയാണ്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ മെട്രോ ടൗൺഷിപ് പദ്ധതിക്കായി 17 ഏക്കർ സ്ഥലം കൈമാറാനുള്ള തീരുമാനത്തിലാണു സർക്കാർ ഒന്നര വർഷമായി അടയിരിക്കുന്നത്.

∙ മെട്രോ ടൗൺഷിപ്

പ്രതിദിനം 70,000 യാത്രക്കാരെങ്കിലും യാത്ര ചെയ്യാനുണ്ടെങ്കിൽ മാത്രമേ കൊച്ചി മെട്രോയ്ക്കു വരവും ചെലവും ഒത്തുപോകൂ. ഇപ്പോൾ 35000– 50000 യാത്രക്കാരാണു പ്രതിദിനം എത്തുന്നത്. ശരാശരി 42000 പേർ. കൊച്ചി വൺ യാത്രാ കാർഡ് കൂടുതലായി ഇറക്കിയും സ്ഥിരം യാത്രക്കാർക്ക് ഇളവുകൾ നൽകിയും യാത്രക്കാരുടെ എണ്ണം കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും മെട്രോ തൃപ്പൂണിത്തുറവരെ എത്താതെ യാത്രക്കാരുടെ എണ്ണം 70000 എത്തിക്കാനാവില്ല. യാത്രക്കാർ 70000 ആയാൽ പോലും നഷ്ടമില്ലാതെ സർവീസ് നടത്താമെന്നേയുള്ളു.

ഭാവി വികസനത്തിനു കൂടുതൽ പണം വേണം. എല്ലാ മെട്രോകൾക്കും ഇത്തരം ഇതര ധനാഗമ മാർഗങ്ങൾ വേണമെന്നു മെട്രോ കരാറിലും പുതിയ മെട്രോ നയത്തിലും നിഷ്കർഷിക്കുന്നുണ്ട്. മെട്രോയ്ക്കു ടിക്കറ്റിതര വരുമാനം കണ്ടെത്താൻ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ 17 ഏക്കർ സ്ഥലം കൈമാറി കഴിഞ്ഞ സർക്കാരിന്റെ കാലത്തു മന്ത്രിസഭാ തീരുമാനമുണ്ടായതാണ്. പുതിയ സർക്കാർ വന്നതോടെ ഭൂമി കൈമാറ്റം വീണ്ടും മന്ത്രിസഭ ചർച്ച ചെയ്യണമെന്നു തീരുമാനമുണ്ടായി. അത് ഇതുവരെ നടന്നില്ല.

‘കഴിഞ്ഞ കാബിനറ്റ് അംഗീകാരം നൽകിയതാണെങ്കിലും ഇൗ മന്ത്രിസഭ ഫയൽ കണ്ടിട്ടില്ല ’– എന്നാണ് ഫയലി‍ൽ പൊതുമരാമത്തു സെക്രട്ടറി എഴുതിയത്. സർക്കാർ ഭൂമിക്ക് 84 കോടി രൂപ വില നൽകിയാണു കെഎംആർഎൽ വാങ്ങുന്നത്. ഇവിടെ 30–35 ലക്ഷം രൂപ വീതം വിലവരുന്ന ഇടത്തരം അപ്പാർട്മെന്റുകളും ഷോപ്പിങ് കോംപ്ലക്സ്, മൾട്ടിപ്ലക്സ്, ഗ്രീൻ സ്പേസ്, ഓഡിറ്റോറിയം എന്നിവയും നിർമിക്കാനായിരുന്നു കെഎംആർഎൽ– ന്റെ പദ്ധതി.

∙വൈകിയാൽ ഗുണമില്ല

ഏറെ വൈകി പദ്ധതിക്ക് അനുമതി ലഭിച്ചിട്ടു കാര്യമില്ല. അപ്പോഴേക്കും വരുമാനവും ചെലവും തമ്മിലുള്ള അന്തരം പെരുത്ത് മെട്രോ വൻ നഷ്ടത്തിലാവും. ഇതര ധനാഗമ മാർഗത്തിനായി ഡൽഹി മെട്രോ രണ്ട് ഐടി പാർക്കുകൾ നടത്തുന്നുണ്ട്. മറ്റു മെട്രോകളുടെ കൺസല്‍റ്റൻസി കരാറിനു പുറമേ ഐടി പാർക്കുകളിൽ നിന്നുള്ള വരുമാനവും കൂടിയാണു ഡിഎംആർസിയെ ലാഭത്തിലാക്കുന്നത്. ചെന്നൈ മെട്രോയ്ക്കും ബെംഗളൂരു മെട്രോയ്ക്കും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അതതു സർക്കാരുകൾ ധാരാളം സ്ഥലം കൈമാറിയിട്ടുണ്ട്. ചെന്നൈ മെട്രോയുടെ ഭൂമിക്കടിയിലുള്ള സ്റ്റേഷനുകളുടെ മുകൾഭാഗത്തു വൻ വ്യാപാര കേന്ദ്രങ്ങളാണു നിലവിൽ വരുന്നത്.

∙ സർക്കാർ അംഗീകാരത്തിനു ശ്രമിക്കും: മുഹമ്മദ് ഹനീഷ്

കാക്കനാട് മെട്രോ ടൗൺഷിപ്പിനു ഭൂമി ഉടൻ ലഭിച്ചില്ലെങ്കിൽ കൊച്ചി മെട്രോയുടെ വികസനം പുരങ്ങലിലാവും. ലോകത്ത് ഏതാണ്ട് എല്ലാ മെട്രോകളും നിലനിൽക്കുന്നത് ടിക്കറ്റ് ഇതര വരുമാനം കൊണ്ടാണ്. മെട്രോ പൊതു ഗതാഗത സംവിധാനമാണ്. ടിക്കറ്റ് നിരക്കുകൊണ്ട് അവിടെ ചെലവു കണ്ടെത്താനാവില്ല. മെട്രോ ടൗൺഷിപ്പിനു ഭൂമി വിട്ടുകിട്ടാൻ സർക്കാരിൽ സമ്മർദം ചെലുത്തിവരികയാണ്.