നിശബ്ദരായിരുന്നെന്ന് നാളെ കുറ്റപ്പെടുത്തരുത്: വ്യക്തം, സുദൃഢം ഈ മുന്നറിയിപ്പ്

ന്യൂഡൽഹി∙ കുറച്ചുനാളുകളായി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ചൂഴ്ന്നുനിൽക്കുന്ന അഭിപ്രായഭിന്നതകളുടെ തുടർച്ചയായാണ് ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർ പത്രസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനോടുള്ള വിയോജിപ്പ് പ്രകടമാക്കിയത്. കോടതി നടപടികൾ തൽക്കാലത്തേക്ക് നിർത്തിവച്ചാണ് നാല്‍വർ സംഘം ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിൽ മാധ്യമങ്ങളെ കണ്ടത്. തങ്ങൾ നിശബ്ദരായിരുന്നെന്ന് പിന്നീട് ആരും കുറ്റപ്പെടുത്തരുതെന്ന മുഖവുരയോടെയാണ് ഇവർ പരസ്യപ്രതികരണത്തിനു തുനിഞ്ഞതെന്നതും ശ്രദ്ധേയം.

ജസ്റ്റിസ് ചെലമേശ്വറിനു പുറമെ മദൻ ബി.ലൊക്കൂർ, രഞ്ജൻ ഗൊഗോയി, മലയാളിയായ കുര്യൻ ജോസഫ് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. നാലുപേരും സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങളാണ്. സുപ്രീം കോടതിയുടെ ഭരണം കുത്തഴിഞ്ഞെന്നായിരുന്നു ഇവരുടെ മുഖ്യ ആരോപണം. കോടതിയുടെ പ്രവർത്തനം സുതാര്യമല്ലെങ്കിൽ ജനാധിപത്യം തകരുമെന്ന് പരമോന്നത കോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ ഒരേ മനസ്സോടെ പ്രഖ്യാപിക്കുമ്പോൾ അതിൽ വ്യക്തമായ ആപത്‌സൂചനയുണ്ടെന്നാണ് വിലയിരുത്തൽ. ഒട്ടു സന്തോഷത്തോടെയല്ലെങ്കിൽ പോലും കോടതിയുടെ മഹത്വം ഉയർത്തിപ്പിടിക്കാനാണ് ഈ പരസ്യ പ്രതികരണമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വിഷയത്തിൽ അഭിപ്രായ വ്യത്യാസമറിയിച്ച് ചീഫ് ജസ്റ്റിസിന് നാലുപേരും കൂടി ഒപ്പിട്ട കത്ത് നല്‍കിയിരുന്നതായി ഇവർ പറയുന്നു. പലതവണ നേരിട്ടു കാണുകയും ചെയ്തു. ഇന്നും കണ്ടിരുന്നു. ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടെന്നും ജഡ്ജിമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പൊട്ടിത്തെറി എന്നത് സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യമേറ്റുന്നു. ഗുജറാത്തിലെ സൊഹ്റാബുദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ തുടങ്ങിയവർ പ്രതികളായിരുന്ന കേസാണിതെന്നതും ശ്രദ്ധേയം.

ജസ്‌റ്റിസ് ടി.എസ്.ഠാക്കൂർ ചീഫ് ജസ്‌റ്റിസായിരുന്നപ്പോൾ കൊളീജിയത്തിന്റെ പ്രവർത്തനരീതിയെ ജസ്‌റ്റിസ് ചെലമേശ്വർ നിശിതമായി വിമർശിച്ചിരുന്നു. ജഡ്‌ജി നിയമനത്തിനായി ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ രൂപീകരിച്ചുള്ള ഭരണഘടനാ ഭേദഗതി ചോദ്യംചെയ്‌തുള്ള കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിലുൾപ്പെട്ട ജസ്‌റ്റിസ് ചെലമേശ്വറും ജസ്‌റ്റിസ് കുര്യൻ ജോസഫും കൊളീജിയത്തിന്റെ പ്രവർത്തനം സുതാര്യവും നിഷ്‌പക്ഷവുമല്ലെന്നു നിലപാടെടുത്തിരുന്നു. ജഡ്‌ജി നിയമനങ്ങളെച്ചൊല്ലി ജുഡീഷ്യറിയും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് കൊളീജിയത്തിന്റെ പ്രവർത്തനത്തെ ജസ്‌റ്റിസ് ചെലമേശ്വർ പരസ്യമായി ചോദ്യം ചെയ്തത്. 

ജസ്റ്റിസ് ചെലമേശ്വർ ഉൾപ്പെടെയുള്ളവർക്ക് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള അഭിപ്രായ ഭിന്നത മുൻപുതന്നെ പുറത്തുവന്നിട്ടുള്ളതാണ്. ജുഡീഷ്യറിയിലും അഴിമതിയുണ്ടെന്ന ആരോപണത്തിലൂടെ വിവാദമായ മെഡിക്കൽ കോഴക്കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുനേരെയും പരോക്ഷ ആരോപണം ഉന്നയിക്കപ്പെട്ട സംഭവം മുതൽ ജസ്റ്റിസ് ലോയയുടെ മരണം വരെയുള്ള വിഷയങ്ങളിൽ ഈ അഭിപ്രായ ഭിന്നത പ്രകടമായിരുന്നു.

ജഡ്ജിമാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ, ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ പരമാവധി സുതാര്യത വേണമെന്നു പരസ്യമായി നിലപാടെടുത്തിട്ടുള്ള ന്യായാധിപനാണു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജസ്തി ചെലമേശ്വർ. ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം സംവിധാനം മാത്രമാണു മികച്ചതെന്ന നിലപാടു ശരിയല്ലെന്നും കൊളീജിയത്തിന്റെ നടപടി സുതാര്യമല്ലെന്നും ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ കേസിൽ ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കിയിരുന്നു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ചെലമേശ്വറും 2011 ഒക്ടോബർ 10ന് ആണു സുപ്രീം കോടതി ജഡ്ജിമാരായത്. മിശ്ര അടുത്ത വർഷം ഒക്ടോബർ രണ്ടിനും ജസ്റ്റിസ് ചെലമേശ്വർ അടുത്ത ജൂൺ 22നും വിരമിക്കും. സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനു 2011 സെപ്റ്റംബറിൽ, അഞ്ചുപേരെ രണ്ടു ഗഡുക്കളായാണു ശുപാർശ ചെയ്തത്. ഇതിൽ ജസ്റ്റിസ് ചെലമേശ്വർ രണ്ടാമത്തെ ഗഡുവിലാണ് ഉൾപ്പെട്ടത്. ആദ്യത്തേതിൽ ഉൾപ്പെടുത്തിയാൽ അദ്ദേഹം ചീഫ് ജസ്റ്റിസാകുമെന്നും അത് ഒഴിവാക്കാനാണു ശുപാർശ രണ്ടു ഗഡുക്കളാക്കിയതെന്നും ആരോപണമുയർന്നിരുന്നു.