ലോക്സഭ തിരഞ്ഞെടുപ്പ്: എട്ടു സംസ്ഥാനങ്ങളിൽ ബിജെപി പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു

കോഴിക്കോട് ∙ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളമുൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ ബിജെപി പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. ഫെബ്രുവരിയിൽ പുതിയ സംസ്ഥാന അധ്യക്ഷന്മാരെയും ദേശീയ ഭാരവാഹികളെയും പ്രഖ്യാപിക്കാനാണു നീക്കം. കേരളത്തിന് ഒരു കേന്ദ്രമന്ത്രി കൂടി വേണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം ഉന്നയിച്ചിട്ടുണ്ട്.

അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം സംസ്ഥാന ബിജെപിയിൽ കാര്യമായ ആവേശം ഉയർത്തിയിട്ടില്ലെന്ന അഭിപ്രായം പ്രധാന നേതാക്കൾക്ക് ഉണ്ട്. പാർട്ടിയുടെ വളർച്ചയ്ക്കു സഹായകരമാകുന്ന വിധം ഒരു നേതാവിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. കേരളത്തിൽ ബിജെപിയുടെ വളർച്ച 15ൽ നിന്ന് ഒൻപത് ശതമാനത്തിലേക്കു താഴുന്നതായി ഒരു ദേശീയ ചാനലിന്റെ സർവേ ഫലം ഗൗരവമായാണ് കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്.

മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിനെ വീണ്ടും സംസ്ഥാന അധ്യക്ഷ പദവിയിൽ പരിഗണിക്കുന്നതിൽ ആർഎസ്എസ് യോജിപ്പ് അറിയിച്ചിട്ടുണ്ട്. കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, പി.എസ്. ശ്രീധരൻപിള്ള എന്നിവരും സംസ്ഥാന അധ്യക്ഷ പദവിയിൽ പരിഗണിക്കപ്പെടാമെന്നും സൂചനയുണ്ട്. എന്നാൽ, കുമ്മനം രാജശേഖരനെ അവതരിപ്പിച്ചതു പോലെ അപ്രതീക്ഷിത പുതുമുഖത്തിനാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.

മറ്റു പാർട്ടികളിലെ പ്രധാന നേതാക്കളെ ആരെയെങ്കിലും ബിജെപിയിൽ എത്തിച്ചു സംസ്ഥാന അധ്യക്ഷനാക്കാനുള്ള സാധ്യതയ്ക്കാണ് മുഖ്യ പരിഗണന. കോൺഗ്രസിലും സിപിഎമ്മിലുമുള്ള ക്ലീൻ ഇമേജ് നേതാക്കളെ ബിജെപിയിലേക്കു കൊണ്ടു വരാൻ ഇടനിലക്കാർ വഴിയുള്ള നീക്കമാണ് നടത്തുന്നത്. കോൺഗ്രസിലെ ഒരു പ്രമുഖ നേതാവുമായി മുംബൈയിലെ വ്യവസായി വഴി പല തവണ കൂടിക്കാഴ്ച നടന്നതായും വിവരമുണ്ട്.