പ്രശ്നങ്ങൾക്കു പരിഹാരമായെന്ന് കരുതുന്നു: ജസ്റ്റിസ് കുര്യൻ ജോസഫ്

ജസ്റ്റിസ് കുര്യൻ ജോസഫ്

കൊച്ചി∙ സുപ്രീംകോടതിയിലെ പ്രശ്നങ്ങൾക്കു പരിഹാരമായെന്ന് കരുതുന്നതായി ജസ്റ്റിസ് കുര്യൻ ജോസഫ്. വ്യക്തിയെ മുൻനിർത്തിയല്ല, രാജ്യതാൽപര്യമനുസരിച്ചാണ് കഴിഞ്ഞദിവസം ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്. നീതിക്കും നീതിപീഠത്തിനുമായാണു നിലകൊണ്ടതെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടത്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ല. ഇതോടെ കാര്യങ്ങൾ സുതാര്യമാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കുര്യൻ ജോസഫ് ഉൾപ്പെടെ സുപ്രീം കോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ വെള്ളിയാഴ്ച വാർത്താസമ്മേളനം നടത്തി ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്നു മുന്നറിയിപ്പു നൽകിയിരുന്നു. സുപ്രീം കോടതിയിൽ കാര്യങ്ങൾ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, രഞ്‌ജൻ ഗൊഗോയ്, മദൻ ബി.ലോക്കുർ, കുര്യൻ ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാർത്താസമ്മേളനം നടത്തിയത്.

പ്രധാന കേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നതിൽ ചീഫ് ജസ്‌റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങൾ സംബന്ധിച്ചാണു ജഡ്‌ജിമാർ മുഖ്യവിമർശനമുന്നയിച്ചത്. ഇക്കാര്യത്തിൽ നാലുപേരും ചേർന്നു രണ്ടുമാസം മുൻപു ചീഫ് ജസ്‌റ്റിസിനെഴുതിയ കത്തിന്റെ കരടും ജഡ്‌ജിമാർ പരസ്യപ്പെടുത്തി. രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തിൽ അസാധാരണ സാഹചര്യമാണിതെന്നും ചീഫ് ജസ്‌റ്റിസിനെ കുറ്റവിചാരണ ചെയ്യണമോയെന്നു രാജ്യം തീരുമാനിക്കട്ടെയെന്നും ചെലമേശ്വർ പറഞ്ഞു.

ചീഫ് ജസ്‌റ്റിസ് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന നാലു ജഡ്‌ജിമാരാണ് ചീഫ് ജസ്‌റ്റിസിനെ ചോദ്യം ചെയ്‌തത്. ഇവർ അഞ്ചു പേരാണ് സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങൾ. ഒക്‌ടോബറിൽ ദീപക് മിശ്ര സ്‌ഥാനമൊഴിയുമ്പോൾ പകരം നിയമിക്കപ്പെടാനുള്ളയാളാണ് ജസ്‌റ്റിസ് ഗൊഗോയ്.