ചീഫ് ജസ്റ്റിസ് നിയമനം: ജസ്റ്റിസ് ഗൊഗോയിയെ സർക്കാർ തഴയുമോ?

ന്യൂഡൽഹി ∙ സുപ്രീം കോടതി നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ മറികടന്നു മറ്റൊരാളെ ചീഫ് ജസ്റ്റിസ് ആക്കാൻ കേന്ദ്രസർക്കാർ തയാറാകുമോ? സാധ്യത വിരളമാണെങ്കിലും അത് അസാധ്യമല്ല. സുപ്രീം കോടതി ന്യായാധിപന്മാർ മാധ്യമസമ്മേളനം വിളിക്കുകയോ നിലപാടുകൾ പരസ്യപ്പെടുത്തുകയോ ചെയ്യാറില്ല. കീഴ്‌വഴക്കത്തിലൂടെ അരക്കിട്ടുറപ്പിച്ച അച്ചടക്ക സംഹിതയുടെ ലംഘനമാണത്.

ജസ്റ്റിസ് കർണനെതിരെ ജസ്റ്റിസ് ഗൊഗോയ് ഉൾപ്പെ‌ട്ട ബെഞ്ച് കണ്ടെത്തിയ പ്രധാന കുറ്റങ്ങളിലൊന്ന് അതുതന്നെയായിരുന്നു. അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ടതു നിലവിൽ ഏറ്റവും സീനിയറായ ഗൊഗോയിയാണ്. മറ്റു മൂന്നുപേരും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമൊഴിയുംമുൻപേ പിരിയും. അടുത്തകാലത്തെങ്ങും സീനിയോരിറ്റി മറികടന്നു ചീഫ് ജ‌സ്റ്റിസ് നിയമനമുണ്ടായിട്ടില്ല.

ചീഫ് ജസ്റ്റിസും മുതിർന്ന നാലു ജഡ്ജിമാരുമടങ്ങുന്ന കൊളീജിയത്തിന്റെ അധികാര പരിധിയിൽ മാത്രം വരുന്ന കാര്യമാണത്. എങ്കിലും അസാധാരണ സാഹചര്യങ്ങളിൽ അസാ‌ധാരണ നടപടികൾക്കുള്ള സ്വാതന്ത്ര്യമാണു സർക്കാരിന് അപ്രതീക്ഷിതമായി ലഭ്യമാകുന്നത്.

രണ്ടു ‘മറികടന്നു നിയമനങ്ങൾ’ ആണു സുപ്രീം കോടതിയുടെ ചരിത്രത്തിലുള്ളത്. മുതിർന്ന മൂന്നുപേരെ മറികടന്നു ചീഫ് ജസ്റ്റിസിനെ നിയമിച്ചത് 1973 ഏപ്രിലിൽ വൻവിവാദത്തിനു വഴിവച്ചു. ചീഫ് ജസ്റ്റിസ് മിത്ര സിക്രി സ്ഥാനമൊഴിയുന്നതിന്റെ തലേന്ന് താരതമ്യേന ജൂനിയറായ ജസ്റ്റിസ് എ.എൻ.റേയെ ചീഫ് ജസ്റ്റിസായി പ്രഖ്യാപിക്കുകയായിരുന്നു. അതിൽ പ്രതിഷേധിച്ചു ജസ്റ്റിസുമാരായ ജെ.എം.ഷെലാത്ത്, കെ.എസ്.ഹെഗ്ഡെ, എ.എൻ.ഗ്രോവർ എന്നിവർ രാജിവച്ചു.

പിറ്റേന്നു വിരമിക്കേണ്ടിയിരുന്ന ചീഫ് ജസ്റ്റിസ് സിക്രിയും ഇവരോടൊപ്പം രാജി നൽകി. കേശവാനന്ദഭാരതി കേസിൽ ഈ ജഡ്ജിമാർ ഉൾപ്പെടെയുള്ള ബെഞ്ച് സർക്കാരിനെതിരെ വിധിയെഴുതിയതാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രകോപിപ്പിച്ചത്.

‘‘ചീഫ് ജസ്റ്റിസ് സിക്രിയുടെ യാത്രയയപ്പു സൽക്കാരം കഴിഞ്ഞു വീട്ടിലെത്തിയ ജസ്റ്റിസ് ഷെലാത്തിന്, ജസ്റ്റിസ് ഹെഗ്ഡെയുടെ അടിയന്തര ഫോൺവി‌ളി വന്നു. എ.എൻ.റേയെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചെന്ന് ഓൾ ഇന്ത്യാ റേഡിയോ വാർത്തയിൽ കേട്ടതിനു പിന്നാലെയായിരുന്നു അത്... പിറ്റേന്നു വിരമിക്കേണ്ടിയിരുന്ന സിക്രി ഉൾപ്പെടെ നാലുപേരും കൈകൊണ്ടെഴുതിയ രാജിക്കത്തുകൾ രാഷ്ട്രപതിക്കയച്ചു.’’ (ഗ്രാൻവിൽ ഓസ്റ്റിൻ രചിച്ച ‘വർക്കിങ് എ ഡെമോക്രാറ്റിക് കോൺസ്റ്റിറ്റ്യൂഷൻ’ എന്ന പുസ്തകത്തിൽനിന്ന്)

1977ൽ ജസ്റ്റിസ് എം.എച്ച്.ബേഗിനെ ചീഫ് ജസ്റ്റിസ് ആക്കിയതു ‌ജസ്റ്റിസ് എച്ച്.ആർ.ഖന്നയെ മറികടന്നാണ്. രാ‌ജി സമർപ്പിച്ചു ഖന്നയും പ്രതികരിച്ചു. ജബൽപുർ എഡിഎം കേസിലെ ഖന്നയുടെ വിഖ്യാതമായ വിമതസ്വരമാണു ഭരണകൂടത്തെ ചൊടിപ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്തും ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ നിലനിൽക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യൂനപക്ഷ നിലപാട്. എന്നാൽ, അടുത്തകാലത്തെങ്ങും ‘മറികടക്കൽ ന‌യം’ പ്രയോഗിക്കാൻ സർ‌ക്കാരുകൾ മുതിർന്നിട്ടില്ല; ‘ജുഡീഷ്യൽ ആക്ടിവിസ’ത്തെക്കുറിച്ചുള്ള പരാതികൾ രാഷ്ട്രീയലോകം ഇടയ്ക്കിടെ ഒളിഞ്ഞും തെളിഞ്ഞും ഉന്നയിക്കാറുണ്ടെങ്കിലും.