ലോയ കേസ് പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് അരുൺ മിശ്ര പിൻമാറി

ന്യൂഡൽഹി ∙ സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് അരുൺ മിശ്ര പിൻമാറി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോയ കേസുമായി ബന്ധപ്പെട്ട ഉത്തരവിലും അദ്ദേഹം ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. ലോയ കേസ് താരതമ്യേന ജൂനിയറായ അരുൺ മിശ്രയുടെ ബെഞ്ചിന് നൽകിയതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നാല് മുതിർന്ന ജഡ്ജിമാർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്ന് അരുൺ മിശ്ര പിൻമാറിയത്.

കേസുകൾ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നതായി ചൂണ്ടിക്കാട്ടി മുതിർന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ബി.ലോക്കൂർ, രഞ്ജൻ ഗൊഗോയ് എന്നിവരാണ് വാർത്താ സമ്മേളനം വിളിച്ച് പരസ്യമായി പ്രതിഷേധിച്ചത്. ഇവരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത് ലോയ കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസുമായുണ്ടായ അഭിപ്രായ ഭിന്നതയായിരുന്നു.

അരുൺ മിശ്രയും ജസ്റ്റിസ് മോഹൻ എം.ശാന്തനഗൗഡറും ഉൾപ്പെട്ട ബെഞ്ചാണ് ഇതുവരെ ലോയ കേസ് പരിഗണിച്ചിരുന്നത്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയിൽ പത്താമനാണ് അരുൺ മിശ്ര; ശാന്തന ഗൗഡർ ഇരുപത്തിരണ്ടാമതും. സുപ്രധാനമോ പൊതുതാൽപര്യമുള്ളതോ ആയ കേസുകൾ ചീഫ് ജസ്റ്റിസ് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിനു നൽകാത്തതിന് ഒടുവിലത്തെ ഉദാഹരണമായി നാലു ജഡ്ജിമാർ ചൂണ്ടിക്കാട്ടിയതു ലോയ കേസാണ്.