സുപ്രീം കോടതിയിലെ പ്രതിസന്ധി: ചീഫ് ജസ്റ്റിസ് ജഡ്ജിമാരുമായി ചർച്ച നടത്തി

ചീഫ് ജസ്റ്റിസിനെതിരെ നാലു മുതിർന്ന ജഡ്ജിമാർ നടത്തിയ വാർത്താസമ്മേളനം - ഫയൽ ചിത്രം.

ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച വിമർശനം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ ചർച്ചയുടെ വഴി തെളിയുന്നു. വിമർശിച്ച ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാവിലെ ചർച്ച നടത്തി. 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ തർക്കവിഷയങ്ങളും ചർച്ച ചെയ്തു. നാളെയും ചർച്ച തുടരും. ചൊവ്വാഴ്ച രാവിലെ കോടതി കൂടും മുൻപാണ് ചീഫ് ജസ്റ്റിസ് നാലു ജഡ്ജിമാരുമായി പ്രത്യേക ചർച്ച നടത്തിയത്.

ചീഫ് ജസ്റ്റിസിനെതിരെ നാലു മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചതിലൂടെ രൂപംകൊണ്ട പ്രതിസന്ധിക്കു പരിഹാരമായില്ലെന്ന് അറ്റോർണി ജനറൽ (എജി) കെ.കെ.വേണുഗോപാൽ വെളിപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും എജി പറഞ്ഞു. സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ‌ പരിഹരിച്ചെന്ന് തിങ്കളാഴ്ച എജി അവകാശപ്പെട്ടിരുന്നു. എന്നാൽ സുപ്രധാന കേസുകൾ പരിഹരിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രൂപീകരിച്ച ബെഞ്ചിൽ, പ്രതിഷേധമുയർത്തിയ നാലു ജഡ്ജിമാരും ഉൾപ്പെടാതിരുന്നതോടെ തർക്കം പരിഹരിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. അതിനിടെ, ഈയാഴ്ച തന്നെ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ബാർ കൗൺസിലും പ്രതീക്ഷ പ്രകടിപ്പിച്ചു.

സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഫുൾ കോർട്ട് (എല്ലാ ജ‍ഡ്ജിമാരുടെയും യോഗം) വിളിക്കണമെന്ന് ആദ്യം മുതൽതന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ ഇതിന് ചീഫ് ജസ്റ്റിസ് തയാറായിട്ടില്ല. ഏതാനും ദിവസം കൂടി കാത്തിരുന്ന ശേഷം പ്രതിഷേധം ശക്തമാക്കുന്നതിനാണ് വിമർശിച്ച ജഡ്ജിമാരുടെ നീക്കമെന്ന് അവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. എജിക്കു പുറമെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയും അഞ്ചു ജഡ്ജിമാരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് പറഞ്ഞിരുന്നു.

വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി നാലു മുതിർന്ന ജഡ്ജിമാർ രംഗത്തെത്തിയത്. സുപ്രീം കോടതിയുടെ പ്രവർത്തനം ഇത്തരത്തിൽ തുടർന്നാൽ ജനാധിപത്യം തകരുമെന്ന് അവർ മുന്നറിയിപ്പു നൽകിയിരുന്നു.