ജസ്റ്റിസ് ലോയയുടെ മരണം; രേഖകളെല്ലാം പരാതിക്കാർക്ക് നൽകണമെന്ന് സുപ്രീം കോടതി

മരണപ്പെട്ട ജസ്റ്റിസ് ബി.എച്ച്. ലോയ

ന്യൂഡൽഹി∙ ജസ്റ്റിസ് ലോയയുടെ മരണത്തിൽ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ ഒരു രേഖയും മറച്ചുവെക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. കേസ് ഡയറി ഒഴികെയുള്ള എല്ലാ രേഖകളും പരാതിക്കാരന് നൽകണം. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരാതിക്കാരന്‍ അറിയണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീം കോടതി വ്യക്തമാക്കി. 

സിബിഐ ജഡ്ജി ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ഹർജിയിൻമേലാണ് സുപ്രീം കോടതി നിർണായകമായ നിലപാട് വ്യക്തമാക്കിയത്. മരണത്തിൽ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്ക് പുറമെ രണ്ടു പൊതുതാൽപര്യ ഹർജികളും സുപ്രീംകോടതിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകൾ പരാതിക്കാർക്ക് നൽകുന്നതിന് തടസമില്ലെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരാകുന്ന ഹരീഷ് സാൽവെ കോടതിയിൽ അറിയിച്ചു. എന്നാൽ ഇത് പൊതുജനങ്ങൾക്ക് നൽകാനാകില്ലെന്നും മഹാരാഷ്ട്ര സർക്കാർ കോടതിയിൽ നിലപാടെടുത്തു. സുപ്രീം കോടതി നിർദേശാനുസരണം കേസുമായി ബന്ധപ്പെട്ട രേഖകൾ മഹാരാഷ്ട്ര സർക്കാർ കോ‌ടതിയിൽ ഹാജരാക്കിയിരുന്നു.

കേസ് ഒരാഴ്ചത്തേക്ക് നീട്ടിവെച്ച കോടതി ആവശ്യമെങ്കിൽ കൂടുതൽ രേഖകൾ ഹാജരാക്കാമെന്നും പരാതിക്കാരോട് നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നെന്നാരോപിച്ച് ലോയയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേസിൽ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് കുറച്ചുദിവസമായി നടന്നുവരുന്നതെന്നും തങ്ങളെ ചൂഷണം ചെയ്യരുതെന്നും കഴിഞ്ഞ ദിവസം ജസ്റ്റിസ് ലോയയുടെ മകൻ പറഞ്ഞിരുന്നു. 

2014 ഡിസംബർ ഒന്നിനാണ് നാഗ്പൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ലോയ മരണപ്പെടുന്നത്. ഹൃദ്രോഗത്തെ തുടര്‍ന്നാണ് ലോയ മരിച്ചതെന്ന്  ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേതിയാണ് ലോയയുടെ പിതാവ് ഹര്‍കിഷനെ അറിയിച്ചത്.  ബിജെപി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവർ പ്രതികളായ സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വിചാരണ നടത്തുന്ന ജഡ്ജി മരിച്ചത് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അമിത് ഷാ ഒക്ടോബർ 31നു കോടതിയിൽ ഹാജരാകാത്തതിനെ ലോയ വിമർശിച്ചിരുന്നു.