കോൺഗ്രസിന്റെ നേട്ടം ശിലാസ്ഥാപനങ്ങളിൽ മാത്രം: പ്രധാനമന്ത്രി മോദി

രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയോടോപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

പച്പദ്ര (രാജസ്ഥാൻ) ∙ പദ്ധതികള്‍ക്കായി ശിലാസ്ഥാപനം നടത്തുക മാത്രം ചെയ്യുന്ന കോൺഗ്രസുകാർ പാവങ്ങൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിൽ ബാർമര്‍ ഓയിൽ റിഫൈനറി പ്രോജക്ടിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കോൺഗ്രസിനെതിരെ പുതിയ വിമർശനങ്ങൾക്ക് മോദി തിരികൊളുത്തിയത്. ബാര്‍മർ ഓയിൽ റിഫൈനറിയുടെ പേരിൽ കോൺഗ്രസും ബിജെപിയും തമ്മിൽ തർക്കം നിലനില്‍ക്കുന്നുണ്ട്.

രാജ്യത്തെ എല്ലാ പദ്ധതികൾക്കും ശിലാസ്ഥാപനം നടത്തി അവയുടെ മേൽ അവകാശവാദമുന്നയിക്കുകയാണ് കോൺഗ്രസ് ചെയ്തത്. കുറച്ചുകാലത്തേക്ക് ജനപിന്തുണയ്ക്കായി റെയിൽവെ ലൈനുകളും മറ്റും പ്രഖ്യാപിക്കും. എന്നാൽ ഒന്നുപോലും വെളിച്ചം കാണില്ല. ഇത്തരം ചെയ്തികളിലൂടെ കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും മോദി ആരോപിച്ചു.

2014 ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയില്‍ സൈനികർക്കായി 500 കോടി രൂപ ഇടക്കാല ബജറ്റിൽ കോൺഗ്രസ് സർക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ നേട്ടം അടിച്ചെടുക്കുകയായിരുന്നു ഇതിലൂടെ അവർ ലക്ഷ്യമിട്ടിരുന്നത്. ബാർമര്‍ റിഫൈനറി കടലാസിലെങ്കിലുമുണ്ട്. പക്ഷേ വൺ റാങ്ക് വൺ പെൻഷൻ അതിൽ പോലുമില്ല. ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കാൻതന്നെ ഒന്നര വർഷമാണ് വേണ്ടിവന്നത്. ഇതു നടപ്പാക്കുന്നതിനുതന്നെ 12,000 കോടി രൂപയാണ് ചെലവ്. ആ സ്ഥാനത്താണ് 500 കോടി രൂപ പ്രഖ്യാപിച്ചതെന്ന് മോദി വിമർശിച്ചു.

ദാരിദ്ര്യമില്ലാതാക്കാൻ ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം കൊണ്ടുവന്നത് കോൺഗ്രസാണ്. എന്നാല്‍ വിവിധ പദ്ധതികളിലൂടെ ബിജെപി സർക്കാർ അതു നടപ്പാക്കുകയാണ് ചെയ്യുന്നത്. വൈദ്യുതിയില്ലാത്ത നാലു കോടി വീടുകളിൽ വൈദ്യുതിയെത്തിച്ചും പാവപ്പെട്ട സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്‌ഷൻ അനുവദിച്ചും ദാരിദ്ര്യത്തെ ഇല്ലാതാക്കുകയാണെന്നും മോദി അവകാശപ്പെട്ടു.

റിഫൈനറിയുടെ ഉദ്ഘാടന വേദിയിലും കോൺഗ്രസും ബിജെപിയും അവകാശവാദമുന്നയിച്ചു രംഗത്തെത്തി. 2013 സെപ്റ്റംബറിൽ സോണിയാ ഗാന്ധിയാണ് പദ്ധതിക്കു തറക്കല്ലിട്ടത്. എന്നാൽ മോദി വീണ്ടും തറക്കല്ലിടുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടപ്പാക്കിയ രാഷ്ട്രീയ നാടകം മാത്രമായിരുന്നു കോൺഗ്രസിന്റേതെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയും പറഞ്ഞു. ശിലാസ്ഥാപന സമയത്ത് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നില്ലെന്നും അവർ ആരോപിച്ചു. ഈ മാസം 29ന് ആള്‍വാര്‍, അജ്മേർ ലോക്സഭാ സീറ്റുകളിലേക്കും രാജസ്ഥാനിലെ മണ്ടൽഗര്‍ നിയമസഭ മണ്ഡലത്തിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിനു മുന്നോടിയായാണ് റിഫൈനറി പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്.