സുപ്രീംകോടതി പ്രതിസന്ധി; ചീഫ് ജസ്റ്റിസും ജഡ്ജിമാരുമായുള്ള ചർച്ച നാളെ

ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ തനിക്കെതിരെ വിമർശനമുന്നയിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചയുടെ വഴിതുറന്ന് ചീഫ് ജസ്റ്റിസ്. വിമർശിച്ച ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരുമായി വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചർച്ച നടത്തും. ചെലമേശ്വർ അവധിയായതിനാൽ ബുധനാഴ്ച നിശ്ചയിച്ച ചർച്ച നടന്നില്ല. വിമർശിച്ച ജഡ്ജിമാരുമായി കഴിഞ്ഞദിവസം രാവിലെയും ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ കോടതി ചേരുന്നതിനു മുൻപ് 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ തർക്കവിഷയങ്ങളും ഉന്നയിക്കപ്പെട്ടു. ഇതിന്റെ തുടർച്ച ഇന്നുമുണ്ടാകും എന്നായിരുന്നു സൂചന. അതിനിടെ ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയുമായി ഇന്ന് ചർച്ച നടത്തി.

ചീഫ് ജസ്റ്റിസിനെതിരെ നാലു മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചതിലൂടെ രൂപംകൊണ്ട പ്രതിസന്ധിക്ക് വരും ദിവസങ്ങളിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് അറ്റോർണി ജനറൽ (എജി) കെ.കെ.വേണുഗോപാൽ പറഞ്ഞു. ഈയാഴ്ച തന്നെ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ബാർ കൗൺസിലും പ്രതീക്ഷ പ്രകടിപ്പിച്ചു.