തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രഷറി നിയന്ത്രണങ്ങൾ ഒഴിവാക്കി: തോമസ് ഐസക്ക്

തിരുവനന്തപുരം∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള എല്ലാ ട്രഷറി നിയന്ത്രണങ്ങളും ഒഴിവാക്കിയെന്നു മന്ത്രി തോമസ് ഐസക്. പക്ഷേ, ട്രഷറിയിൽനിന്നു പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ പാർക്കു ചെയ്യുന്നതിനുള്ള അനുവാദം ഉണ്ടാവില്ല. വകുപ്പുകളുടെയും മറ്റു ഏജൻസികളുടെയും അഞ്ചു കോടി വരെയുള്ള ബില്ലുകൾക്കു വെയ്സ് ആൻഡ് മീൻസ് നിയന്ത്രണം ഉണ്ടാവില്ല. ഇതിനകം വെയ്സ് ആൻഡ് മീൻസ് ക്ലിയറൻസിനുവേണ്ടി സമർപ്പിച്ചു ഡോക്കറ്റ് നമ്പരെടുത്തിട്ടുള്ള അഞ്ചു കോടി രൂപ വരെയുള്ള മുഴുവൻ ബില്ലുകൾക്കും ഇതോടെ അനുമതിയാകും.

കരാറുകാരുടെ 2017 ഏപ്രിൽ വരെയുള്ള എല്ലാ ബില്ലുകൾക്കും പണം നൽകും. മേയ് മാസം മുതലുള്ളവയുടെ പരിശോധന കഴിഞ്ഞാൽ ഉടൻ പണം അനുവദിക്കും. റബർ കൃഷിക്കാർക്കുള്ള സബ്സിഡി 43 കോടി രൂപ അനുവദിച്ചു. ഇനി 21 കോടിയുടെ ബില്ലുകളാണു റബർ ബോർഡ് അപ്‌ലോഡു ചെയ്തിട്ടുള്ളത്. അവയുടെ പരിശോധന പൂർത്തീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പണം വിതരണം ചെയ്യും. നെല്ലു സംഭരണത്തിനു ബാങ്കുകൾ നൽകിയ അഡ്വാൻസുകളിൽ ആറു മാസം പൂർത്തിയാക്കിയവയെല്ലാം പലിശ സഹിതം സർക്കാർ ഇന്നു പണം അനുവദിക്കുന്നതാണ്.

കെഎസ്ആർടിസിക്ക് 60 കോടി രൂപ അനുവദിച്ചു. ഇതടക്കം കെഎസ്ആർടിസിക്ക് ഈ വർഷം 690 കോടി രൂപ പണമായി നൽകിയിട്ടുണ്ട്. ഇതിനു പുറമെ പുതിയ വണ്ടികൾ വാങ്ങുന്നതിന് 325 കോടി രൂപയും പ്ലാൻ ഫണ്ടിൽനിന്ന് 45 കോടി രൂപയും നൽകിയിട്ടുണ്ട്. പുറമെ സർക്കാർ ഗ്യാരണ്ടിനിന്ന് 505 കോടി രൂപ വായ്പയെടുത്തും നൽകിയിട്ടുണ്ട്. അങ്ങനെ കെഎസ്ആർടിസിയ്ക്ക് ഇതുവരെ 1,565 കോടി നൽകിയിട്ടുണ്ട്.