ലോയയുടെ മരണം: ഹർജി തിങ്കളാഴ്ച ‘അനുയോജ്യ’ ബെഞ്ച് പരിഗണിക്കും: സുപ്രീംകോടതി

ന്യൂഡൽഹി∙ സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന ഹർജി ‘അനുയോജ്യമായ’ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്നും ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാന്‍വിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ലോയയുടെ മരണത്തിൽ അസ്വാഭാവികത ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകനായ ബി.എസ്.ലോണെ, കോൺഗ്രസ് പ്രവർത്തകൻ തെഹ്സീൻ പൂനാവാല എന്നിവർ നൽകിയ ഹർജിയാണു പരിഗണിക്കുക.

മഹാരാഷ്ട്ര സർക്കാർ സംഭവത്തിൽ അന്വേഷണം നടത്തി ശേഖരിച്ച വിവരങ്ങളെല്ലാം സുപ്രീംകോടതിക്ക് മുദ്രവച്ച കവറിൽ കൈമാറിയിരുന്നു. ഇതു മുഴുവൻ ലഭ്യമാക്കണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഏതെല്ലാം രേഖകൾ നൽകണമെന്നു മഹാരാഷ്ട്ര സർക്കാരിനു തീരുമാനിക്കാമെന്നു കോടതി പ‍റഞ്ഞു.