ശ്യാമപ്രസാദ് വധം തന്നെ അസ്വസ്ഥനാക്കി; കേരളത്തിന്റെ പ്രതിച്‌ഛായ തകർത്തു: ഗവർണർ

തിരുവനന്തപുരം∙ ആർഎസ്എസ്, എബിവിപി പ്രവർത്തകനും കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാർഥിയുമായ ശ്യാമപ്രസാദിന്റെ (24) കൊലപാതകത്തിൽ പ്രതികരണവുമായി ഗവർണർ പി.സദാശിവം. കണ്ണൂരിലെ കൊലപാതകം തന്നെ അസ്വസ്ഥനാക്കിയെന്നു പറഞ്ഞ ഗവർണർ, സംഭവം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർത്തതായി അഭിപ്രായപ്പെട്ടു. ഇ‌ത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രത കാണിക്കണം. രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ചിരുന്നു സമാധാന ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

ആർഎസ്എസ് ശാഖാ മുഖ്യശിക്ഷക് ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ മുഴക്കുന്ന് പാറക്കണ്ടം പുത്തൻവീട്ടിൽ മുഹമ്മദ് (20), മിനിക്കേൽ സലീം (26), നീർവേലി സമീറ മൻസിൽ അമീർ (25), പാലയോട് തെക്കയിൽ ഷഹീം (39) എന്നിവരാണ് അറസ്റ്റിലായത്.

വയനാട് ജില്ലയിലെ തലപ്പുഴയിൽ നിന്നാണു പ്രതികൾ പിടിയിലായത്. കൊലപാതകത്തിൽ പ്രതിഷേധിച്ചു ശനിയാഴ്ച കണ്ണൂർ ജില്ലയിലും മാഹിയിലും ബിജെപി ഹർത്താൽ നടത്തിയിരുന്നു. 22നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി അറിയിച്ചു. കേസ് എൻഐഎ ഏറ്റെടുക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.