കയർത്തു സംസാരിച്ചത് ആശിഷ് രാജ്; മനോജ്കുമാർ മോശമായൊന്നും പറഞ്ഞില്ലെന്നും മൊഴി

കണ്ണൂർ∙ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകൻ ആശിഷ് രാജിനോട് എഎസ്ഐ കെ.എം.മനോജ്കുമാർ മോശമായി പെരുമാറിയിട്ടില്ലെന്നു വനിതാ സിവിൽ പൊലീസ് ഓഫിസറുടെ മൊഴി. മനോജ് കുമാറിനോട് ആശിഷ് രാജ് കയർത്തു സംസാരിച്ചതായും ‘നിനക്കു ഞാൻ കാണിച്ചു തരാമെടാ’ എന്നു പറഞ്ഞതായും സംഭവസമയത്തു പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ഇ.അനുപമ മൊഴി നൽകി. 

പൊലീസ് സ്റ്റേഷനിൽ‌ ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ചതിനു കയ്യേറ്റം ചെയ്തെന്ന ആശിഷ് രാജിന്റെ പരാതിയിൽ എസ്ഐ കെ.രാജീവ് കുമാറാണ് അനുപമയുടെ മൊഴി രേഖപ്പടുത്തിയത്. സംഭവത്തെ തുടർന്നു മനോജ്കുമാറിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. 

അനുപമയുടെ മൊഴിയിൽ നിന്ന്: ‘രാവിലെ എട്ടരയോടെ ഒരാൾ വലിയ ബാഗുമായി സ്റ്റേഷനിൽ വന്ന്, തനിക്കു ശുചിമുറിയിൽ പോകണമെന്നും കൂടെ 15 പേരുണ്ടെന്നും ജിഡി ചാർജ് ആയിരുന്ന മനോജിനോടു ധാർഷ്ട്യത്തോടെ പറയുന്നതു കേട്ടിരുന്നു. സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളിരൊരാൾ അപ്പോൾ ശുചിമുറി ഉപയോഗിക്കുന്നുണ്ടായിരുന്നു.

സ്റ്റേഷനിൽ മറ്റ് അസൗകര്യങ്ങൾ ഉള്ളതിനാലും വന്നത് ആരാണെന്നു വ്യക്തമാക്കാത്തതിനാലും സ്റ്റേഷനിൽ അസൗകര്യമുണ്ടെന്നും ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റഷനിൽ പോകുന്നതാണു നല്ലതെന്നും മനോജ് അയാളോടു നല്ലരീതിയിലാണു പറഞ്ഞത്. ആ സമയം അയാൾ മനോജിനോടു കയർത്തു സംസാരിക്കുകയാണു ചെയ്തത്.’

ടൂറിസ്റ്റ് ബസിലെത്തിയ പെൺകുട്ടികൾ അടങ്ങുന്ന സംഘത്തിനു പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പോകാൻ സൗകര്യം നൽകണമെന്ന ആവശ്യവുമായാണ് ആശിഷ് രാജ് കഴിഞ്ഞ 10–നു രാവിലെ മട്ടന്നൂർ സ്റ്റേഷനിലെത്തിയത്. ആശിഷ് രാജിനെ മനോജ് തള്ളിമാറ്റുന്ന ദൃശ്യം ഇതിനിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.