Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശത്രുതയില്ലെന്ന് ജയരാജൻ; പരിസ്ഥിതി വിഷയത്തിൽ സിപിഎമ്മിനൊപ്പമെന്ന് വയൽക്കിളികൾ

P. Jayarajan പി ജയരാജൻ

കണ്ണൂർ ∙ കീഴാറ്റൂരിൽ ബൈപാസ് നിർമിക്കുന്നതിനെതിരെ സമരത്തിനിറങ്ങിയ വയൽക്കിളി സമരസമിതിയും വയൽ നികത്തിയുള്ള അലൈൻമെന്റിനായി ശക്തമായി വാദിച്ചിരുന്ന സിപിഎം നേതൃത്വവും തമ്മിലുള്ള അകൽച്ച കുറയുന്നു. കീഴാറ്റൂർ സമരത്തിൽ അണിനിരന്നവരെ പാർട്ടി ശത്രുക്കളായി കണക്കാക്കി സമൂഹമാധ്യമങ്ങളിൽ നടത്തുന്ന പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജൻ ഫെയ്സ്ബുക് കുറിപ്പിൽ ആവശ്യപ്പെട്ടു. പി.ജയരാജന്റെ നേതൃത്വത്തിൽ സിപിഎം ജില്ലാ കമ്മിറ്റി നടത്തുന്ന പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും രംഗത്തെത്തി. വയൽക്കിളികൾ പ്രഖ്യാപിച്ച ലോങ്മാർച്ച് നീട്ടിവച്ചതിനു പിന്നാലെയാണ് കീഴാറ്റൂരിൽ അനുരഞ്ജനശ്രമങ്ങൾ വീണ്ടും ശക്തമായത്.

കഴിഞ്ഞ ദിവസം പി.ജയരാജനും സുരേഷ് കീഴാറ്റൂരും രഹസ്യകൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വയൽക്കിളികൾ ലോങ് മാർച്ചിന്റെ തീയതി പ്രഖ്യാപനം നീട്ടിവച്ചത്. വയൽക്കിളി സമരസമിതിയുടെ നേതാക്കളുമായി ചർച്ച നടത്തിയെന്നു തുറന്നുസമ്മതിക്കുന്ന ജയരാജൻ, ലോങ്മാർച്ച് നീട്ടിവച്ചതു സിപിഎം നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. 

‘സമരത്തിന്റെ ഭാഗമായി നടപടി നേരിട്ട പാർട്ടി അംഗങ്ങളെ ലോങ് മാർച്ച് പ്രഖ്യാപിച്ച സമയത്ത് നേതാക്കൾ വീട്ടിലെത്തി കണ്ടിരുന്നു. ഇതിന്റെ തുടർച്ചയായാണു സുരേഷും മറ്റുമായി സംസാരിച്ചത്. കീഴാറ്റൂർ സമരം ലോങ് മാർച്ചാവുന്നതോടെ തീവ്രവാദ ശക്തികൾക്ക് പൂർണനിയന്ത്രണം ലഭിക്കുമെന്ന കാര്യമാണു പാർട്ടി ചൂണ്ടിക്കാണിച്ചത്. വർഗീയ തീവ്രവാദ ശക്തികളുടെ പൂർണനിയന്ത്രണത്തിൽ നടത്തപ്പെടുന്ന ലോങ് മാർച്ച് തൽക്കാലമെങ്കിലും മാറ്റിവയ്ക്കാൻ അവർ തയാറായി. ഇതു ശുഭസൂചനയായി കണക്കാക്കുന്നു.’.  

കീഴാറ്റൂർ സമരത്തിൽ അണിനിരന്ന ആളുകളെ മുഴുവൻ പാർട്ടിശത്രുക്കളായി കണക്കാക്കി സമൂഹമാധ്യമങ്ങളിൽ ചിലർ നടത്തുന്ന പ്രതികരണങ്ങളെ അംഗീകരിക്കുന്നില്ലെന്നും ജയരാജൻ പറയുന്നു. കാരണം സമരക്കാരിൽ പലരും ബൈപാസ് വിഷയത്തിൽ ഒഴികെ സിപിഎം സ്വീകരിക്കുന്ന നയങ്ങളോട് യോജിക്കുന്നവരാണ്.

ഇതിനിടെ, പി.ജയരാജന്റെ നേതൃത്വത്തിൽ സിപിഎം ജില്ലാ കമ്മിറ്റി നടത്തുന്ന പുഴസംരക്ഷണയാത്രയ്ക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. നേരത്തേ സിപിഎം ഹരിതകവചം പദ്ധതിയുടെ ഉദ്ഘാടനസമയത്തും ഇതിനെ അഭിനന്ദിച്ച് സുരേഷ് കീഴാറ്റൂർ രംഗത്തെത്തിയിരുന്നു. പി.ജയരാജനുമായി ചർച്ച നടത്തി രണ്ടുദിവസത്തിനു ശേഷമായിരുന്നു ഇത്.

വയൽക്കിളികൾ ലോങ് മാർച്ചിന്റെ തീയതി പ്രഖ്യാപിക്കാനിരുന്നതിന്റെ തലേന്നായിരുന്നു സമരസമിതി നേതാക്കളുമായി പി.ജയരാജൻ കൂടിക്കാഴ്ച നടത്തിയത്. കീഴാറ്റൂർ പ്രശ്നത്തിൽ തിരുവനന്തപുരത്തേക്കു ലോങ് മാർച്ച് നടത്തുന്ന തീയതി അഞ്ചിനു കണ്ണൂരിൽ നടക്കുന്ന കൺവൻഷനിൽ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ നാലിനു വയൽക്കിളി സമരസമിതി നേതാവ് സുേരഷ് കീഴാറ്റൂർ ഉൾപ്പെടെ മൂന്നുപേർ   സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി പി. ജയരാജനുമായി രഹസ്യചർച്ച നടത്തി. ലോങ് മാർച്ച് പ്രഖ്യാപനം മൂന്നു മാസത്തേക്കു നീട്ടിവയ്ക്കാനായിരുന്നു പിറ്റേന്നു നടന്ന  സമരസമിതി യോഗത്തിന്റെ തീരുമാനം. പി.ജയരാജനുമായി നാലിന് കൂടിക്കാഴ്ച നടത്തിയെന്നു  വയൽക്കിളി സമരസമിതിയും സമ്മതിക്കുന്നുണ്ട്. എന്നാൽ ലോങ്മാർച്ച് മാറ്റിയത് ഈ ചർച്ചയെത്തുടർന്നല്ലെന്നാണ് അവരുടെ നിലപാട്.