സ്വന്തം മകൾക്കായുള്ള പോരാട്ടത്തിൽനിന്ന് പിന്മാറി വെസ്‌ലിയും സിനിയും

ഹൂസ്റ്റൺ∙ ദത്തുപുത്രിയായ ഷെറിൻ മാത്യൂസിന്റെ കൊലപാതകത്തില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ അറസ്റ്റിലായ മലയാളി ദമ്പതികള്‍ സ്വന്തം മകള്‍ക്കായുളള നിയമപോരാട്ടത്തില്‍ നിന്നു പിന്മാറി. ഷെറിന്റെ ദുരൂഹമരണത്തെ തുടര്‍ന്ന് വെസ്‌ലി മാത്യൂസ്- സിനി ദമ്പതികളുടെ മകളെ പൊലീസ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മകളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചു. എന്നാൽ ഇതിൽ ദമ്പതികൾക്ക് അനുകൂലമായ തീരുമാനമെടുക്കാൻ വാദത്തിന്റെ ഒരു ഘട്ടത്തിലും കോടതി തയാറായില്ല.

ഇതേത്തുടർന്നാണു സ്വന്തം മകളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽനിന്ന് വെസ്‌ലിയും സിനിയും പിന്മാറിയത്. ഷെറിന്റെ കൊലപാതകത്തില്‍ നിയമനടപടികള്‍ ഇപ്പോഴും തുടരുകയാണെന്നതും ആവശ്യത്തിൽനിന്ന് പിന്മാറാൻ ഇവരെ പ്രേരിപ്പിച്ചു. മകളുടെ ഭാവിയെക്കരുതിയാണ് ഇരുവരും ഈ തീരുമാനമെടുത്തതെന്ന് സിനിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഷെറിന്റെ മരണത്തില്‍ വെസ്‌ലിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ചെന്ന കുറ്റമാണ് ഭാര്യ സിനിക്കെതിരെയുളളത്.