ബ്രസീലിലെ നൃത്തക്ലബ്ബിൽ അർധരാത്രി വെടിവയ്പ്: 14 പേർ മരിച്ചു

ഫോർട്ടലേസയിൽ വെടിവയ്പുണ്ടായ നിശാക്ലബ്. ചിത്രം: എഎഫ്പി

സാവോ പോളോ ∙ ബ്രസീലിലെ ഫോർട്ടലേസയിൽ തിരക്കേറിയ നൃത്തക്ലബ്ബിൽ അക്രമി 14 പേരെ വെടിവച്ചു കൊന്നു. ആറുപേർക്കു പരുക്കുണ്ട്. ഇതിൽ ഒരു പന്ത്രണ്ടു വയസ്സുകാരനും ഉൾപ്പെടുന്നു. ചിലരുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ലഹരിവിൽപന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്നു കരുതുന്നു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ആയുധധാരികളായ ഒരു സംഘം മൂന്നു വാഹനങ്ങളിലായി എത്തുകയായിരുന്നു. ക്ലബിലേക്കു തള്ളിക്കയറിയ ഇവർ ചുറ്റിലും വെടിയുതിർത്തു.

അതിക്രൂരമായ ആക്രമണമാണു നടന്നിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സമീപകാലത്തൊന്നും ഇത്രയും ക്രൂരമായ ആക്രമണം ഫോർട്ടലേസയിൽ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ലഹരി വിൽപന സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണെന്നാണു കരുതുന്നതെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്.

സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. ജനുവരി ഏഴിന് ഫോർട്ടലേസയിൽ നടന്ന ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു.