യന്ത്രത്തിൽ കുടുങ്ങി; സ്കാനിങ്ങിന് ബന്ധുവിനൊപ്പം എത്തിയ യുവാവിന് ദാരുണാന്ത്യം

രാജേഷ് മാരു

മുംബൈ ∙ രോഗിയായ ബന്ധുവിനൊപ്പം സ്കാനിങ്ങിനെത്തിയ യുവാവ് എംആർഐ യന്ത്രത്തിൽ കുടുങ്ങി മരിച്ചു. ദക്ഷിണ മുംബൈയിലെ നായർ ആശുപത്രിയിൽ രാജേഷ് മാരു (32)വാണ് അസാധാരണ അപകടത്തിൽപ്പെട്ടത്. ഡോക്ടർ, വാർഡിലെ ജീവനക്കാരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിനെ സ്കാനിങ്ങിനു പ്രവേശിപ്പിച്ചതിനു പിന്നാലെ, വാർഡ‍് ബോയ് നിർദേശിച്ചതനുസരിച്ച് ഓക്സിജൻ സിലിണ്ടർ മുറിയിലേക്ക് എത്തിക്കവെയാണ് അപകടം.

സിലിണ്ടറിനൊപ്പം കാന്തിക ശക്തിയാൽ എംആർഐ യന്ത്രത്തിലേക്ക് വലിച്ചെടുക്കപ്പെട്ട രാജേഷിന്റെ കയ്യും തോളും അതിൽ കുടുങ്ങി ചോരവാർന്നു. ഇതിനിടെ, സിലിണ്ടർ പൊട്ടി അമിത അളവിൽ ഓക്സിജൻ പടർന്നത് അപകടത്തിന്റെ രൂക്ഷത കൂട്ടി. ഉടൻ ചികിൽസ ലഭ്യമാക്കിയെങ്കിലും പത്തു മിനിറ്റകം മരിച്ചു.

മുറിക്കു പുറത്തെ നിർദേശങ്ങൾ വായിച്ച താൻ, ലോഹപദാർഥങ്ങളുമായി അകത്തു പ്രവേശിക്കാമോയെന്നു ചോദിച്ചപ്പോൾ പതിവായി ചെയ്യുന്ന കാര്യമാണെന്നും പ്രശ്നമൊന്നുമില്ലെന്നുമായിരുന്നു ടെക്നീഷ്യന്റെ മറുപടിയെന്ന് രാജേഷിന്റെ ബന്ധു ഹരീഷ് സോളങ്കി പറയുന്നു. ആശുപത്രിക്കെതിരെ നടപടി വേണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടു.

മരണത്തിനു കാരണമായ അശ്രദ്ധ ആരോപിച്ച് ഡോക്ടർ സിദ്ധാർഥ് ഷാ, വാർഡിലെ ജീവനക്കാരൻ വിഠൽ ചവാൻ, അറ്റൻഡന്റ് സുനിത സുർവെ എന്നിവർക്കെതിരെ കേസെടുത്ത പൊലീസ് സുനിത ഒഴികെയുള്ള രണ്ടു പേരുടെയും അറസ്റ്റ് പിന്നാലെ രേഖപ്പെടുത്തി.

വൻ കാന്തിക ശക്തി

ആഭരണങ്ങൾ, ലോഹ അലങ്കാരങ്ങളോ, ബട്ടണുകളോ ഘടിപ്പിച്ചിട്ടുള്ള വസ്ത്രം, സേഫ്റ്റി പിൻ, ഹെയർ പിൻ, നാണയങ്ങൾ തുടങ്ങി കാന്തികശക്തിയാൽ ആകർഷിക്കപ്പെടുന്ന വസ്തുക്കളുമായി എംആർഐ മുറിയിൽ ആളുകളെ പ്രവേശിപ്പിക്കാറില്ല.

പലയിടത്തും രോഗിയുൾപ്പെടെയുള്ളവരെ മെറ്റൽ ഡിറ്റക്ടർ വഴി കടത്തിവിട്ടു പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്താറുമുണ്ട് എന്നിരിക്കെയാണ്, ഇരുമ്പുകൊണ്ടുള്ള ഓക്സിജൻ സിലിണ്ടർ എടുത്ത് മുറിയിലേക്കു വയ്പിച്ചത്. ഭൂമിയുടെ ഗുരുത്വാകർഷണ ശക്തിയേക്കാൾ 30,000 ഇരട്ടിയോളം ആകർഷണശേഷിയുള്ള കാന്തമാണ് എംആർഐ യന്ത്രത്തിൽ ഉപയോഗിക്കുന്നതെന്ന് ഓൾ ഇന്ത്യ റേഡിയോളജി ആൻഡ് ഇമേജിങ് ദേശീയ പ്രസിഡന്റ് ഡോ. കെ.മോഹനൻ പറഞ്ഞു.