സ്കൂള്‍ ബസുകളുടെ നിയമലംഘനം: ഒരുവര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് 20 കുരുന്നുകൾ

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടം. (ഫയൽ ചിത്രം)

തിരുവനന്തപുരം∙ സ്കൂള്‍ ബസുകളുടെ നിയമലംഘനം കാരണം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് 20 കുരുന്നുകളുടെ ജീവന്‍. ബസിന്റെ ഡോര്‍ തട്ടിവീണും ചക്രം കയറിയുള്ള അപകടത്തിനുമിടയിലാണു ഭൂരിഭാഗം കുട്ടികളെയും നഷ്ടപ്പെട്ടത്. സ്വകാര്യ ബസുകള്‍ക്കു സമാനമായുള്ള മല്‍സരയോട്ടത്തില്‍ 26 കുരുന്നുകള്‍ പരുക്കേറ്റു ചികില്‍സയിലുമാണ്. സ്കൂള്‍ ബസിനെ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനയ്ക്കില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാടാണു പലപ്പോഴും ചൂഷണം ചെയ്യുന്നത്.

വാതില്‍തുറന്നു പുറത്തിറങ്ങുന്നതിനിടെ ബസില്‍നിന്നു തെറിച്ചു വീണ് അഞ്ച് കുട്ടികളാണ് മരിച്ചത്. ഒറ്റയ്ക്കു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ച കുരുന്നുകളുടെ എണ്ണം 11 ആണ്. പുറത്തിറങ്ങിയ ഉടന്‍ അതേവാഹനത്തിന്റെ ചക്രങ്ങള്‍ കയറിയുള്ള അപകടത്തില്‍ അഞ്ച് കുട്ടികളെ നഷ്ടപ്പെട്ടു. ബസില്‍ ഡ്രൈവറല്ലാതെ മറ്റൊരു സഹായി ഇല്ലാത്ത സാഹചര്യത്തിലാണു പലപ്പോഴും അപകടമുണ്ടായത്. ഇതോടൊപ്പം സ്കൂള്‍ ബസ് തട്ടിയുള്ള അപകടങ്ങളിലുള്‍പ്പെടെ പരുക്കേറ്റ കുരുന്നുകളുടെ എണ്ണം 26 ആണ്.

നിയമംലംഘിച്ച് ഓടിയതിന് ഒരു വര്‍ഷത്തിനിടെ മോട്ടോര്‍ വാഹനവകുപ്പ് 324 സ്കൂള്‍ ബസുകള്‍ പിടികൂടി. ഇതില്‍ 80ല്‍ താഴെ വാഹനങ്ങളില്‍നിന്നു പിഴ ഈടാക്കി. 120 ബസിലെ ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പ് നല്‍കി. 124 സ്കൂള്‍ അധികൃതരെ വീഴ്ചയെക്കുറിച്ചു ബോധ്യപ്പെടുത്തി. ഇതുകൊണ്ടൊന്നും നിയമലംഘനം തടയാനായില്ലെന്നാണു നിരത്തിലെ കാഴ്ച തെളിയിക്കുന്നത്.

പിഴ ചുമത്തിയതും താക്കീത് നല്‍കിയതുമായ വാഹനങ്ങളില്‍ പലതും നിയമലംഘനം തുടരുകയാണ്. കുട്ടികളുമായുള്ള യാത്രയായതിനാല്‍ വഴിയില്‍ തടഞ്ഞുള്ള ബസ് പരിശോധന പലപ്പോഴും ഉദ്യോഗസ്ഥര്‍ ഒഴിവാക്കും. ഈ അവസരം മുതലെടുത്താണ് ഇഷ്ടമുള്ള ഓട്ടം. കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങളാണു വീഴ്ച വരുത്തുന്നതിലേറെയും.