Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിപിഎസ്: സ്കൂൾ ബസുകൾക്ക് ഒരുമാസം കൂടി സാവകാശം

school-bus

തിരുവനന്തപുരം∙ സ്കൂൾ ബസുകളിൽ ജിപിഎസ് ഘടിപ്പിക്കാനുള്ള തീയതി നവംബർ ഒന്നുവരെ നീട്ടി. ഇന്നലെ മുതൽ നിർബന്ധമാക്കാനായിരുന്നു ആദ്യ തീരുമാനം. പദ്ധതി നടപ്പാക്കാൻ സി-ഡാക്കുമായി ചേർന്നു സുരക്ഷാമിത്ര എന്ന പേരിൽ വാഹനനിരീക്ഷണ സംവിധാനം പ്രവർത്തിച്ചുതുടങ്ങി. 

പ്രളയം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം പലർക്കും ഇതുവരെ ജിപിഎസ് ഘടിപ്പിക്കാനായില്ല. ഇവരുടെ അപേക്ഷ പരിഗണിച്ചാണ് സമയം നീട്ടിയത്. 

മിക്ക ജില്ലകളിലും ജിപിഎസ് സ്ഥാപിക്കൽ തുടങ്ങിയിട്ടില്ല. ചിലയിടങ്ങളിൽ നടപടി പ്രാരംഭ ദിശയിലാണ്.

ഇടുക്കിയിലും വയനാട്ടിലും ജിപിഎസ് വിൽപനാധികാരമുള്ള സ്ഥാപനങ്ങൾ ഇല്ലാത്തതും മേഖലയിലെ വിദഗ്ധർ ഇല്ലാത്തതും തിരിച്ചടിയായി. 

പത്തനംതിട്ടയിൽ 4 ഫ്രഞ്ചൈസികൾക്കാണ് ജിപിഎസ് വിൽപനയുള്ളത്. എന്നാൽ, ഇവരുടെ ജിപിഎസുകൾ ഇതുവരെ അർടിഒയുടെ കേന്ദ്രീകൃത സർവറുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.  

അംഗീകൃത സ്ഥാപനങ്ങൾ വെബ്‌സൈറ്റിൽ

അംഗീകാരമുള്ള ജിപിഎസ് വെഹിക്കിൾ ട്രാക്കിങ് യൂണിറ്റുകളുടെ പട്ടിക മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലുണ്ട്. കൂടുതൽ കമ്പനികളുടെ ജിപിഎസ് നിലവാര പരിശോധന നടക്കുകയാണ്. ഈ പട്ടികയിൽ നിന്ന് സ്കൂളുകൾക്ക് ജിപിഎസ് മോഡൽ തിരഞ്ഞെടുക്കാം. വാഹനങ്ങൾ നിരീക്ഷിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിൽ കൺട്രോൾ റൂം പ്രവർത്തിക്കും. എല്ലാ ആർടിഒ ഓഫിസുകളിലും പ്രത്യേക നിരീക്ഷണ സംവിധാനവുമുണ്ട്. ഹെൽപ്‌ലൈൻ 82817 86097‌, 85476 39015.