മെഡിക്കൽ കോഴ വിവാദം: ജസ്റ്റിസ് ശുക്ലയ്ക്ക് എതിരെ കുറ്റവിചാരണയ്ക്ക് ശുപാർശ

എസ്.എൻ.ശുക്ല

ന്യൂഡൽഹി ∙ മെഡിക്കൽ കോഴ വിവാദത്തിലുൾപ്പെട്ട അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.നാരായൺ ശുക്ലയെ കുറ്റവിചാരണ ചെയ്യാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശുപാർശ ചെയ്തു. അലഹബാദ് ഹൈക്കോടതിയിലെ എട്ടാമത്തെ മുതിർന്ന ജഡ്ജിയാണ്.  ഇതു സംബന്ധിച്ച കത്ത് പ്രധാനമന്ത്രിക്ക് അയച്ചു. 

ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ട് ശുക്ലയ്ക്ക് എതിരായതോടെയാണു കുറ്റവിചാരണയ്ക്ക് ശുപാർശ ചെയ്തത്. പാർലമെന്റിനുമുൻപാകെ കുറ്റവിചാരണ ശുപാർശ വന്നാൽ, അന്വേഷണം നടത്തും. കുറ്റം തെളിഞ്ഞാൽ വോട്ടിനിട്ടശേഷമാണു ജഡ്ജിയെ നീക്കം ചെയ്യുക. 

രാജി വയ്ക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര  ജഡ്ജിയോടു നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസ് ശുക്ല അവധിയിൽ പ്രവേശിച്ചിരിക്കുകയാണിപ്പോൾ. എന്നാൽ, ജസ്റ്റിസ് ശുക്ലയ്ക്കു പുറമെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെയും ആരോപണങ്ങളുയർന്ന മെഡിക്കൽ കോഴ വിഷയത്തിലല്ല, മറ്റൊരു കോളജുമായി ബന്ധപ്പെട്ടാണു ഹൈക്കോടതി ജഡ്ജിയുടെ നടപടികളെന്നു ജുഡീഷ്യറി വൃത്തങ്ങൾ പറഞ്ഞു.

തന്റെ നിർദ്ദേശം പാലിക്കാൻ ജസ്റ്റിസ് ശുക്ല തയാറാകാത്ത സ്ഥിതിയിൽ അദ്ദേഹത്തിനുള്ള ജുഡീഷ്യൽ ജോലികൾ പിൻവലിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു നിർദ്ദേശിച്ചിരുന്നു.