ഡ്രൈവിങ് ലൈസൻസ് പ്ലാസ്റ്റിക് കാർഡാകും; ലാമിനേറ്റഡ് പേപ്പറിനു വിട

Representative Image

തിരുവനന്തപുരം∙ ലാമിനേറ്റ‍‍ഡ് പേപ്പർ കാർഡ് ഡ്രൈവിങ് ലൈസൻസുകൾ ഇനിയില്ല. നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി പ്ലാസ്റ്റിക് കാർഡ് രൂപത്തിലേക്കു മാറുകയാണു സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ലൈസൻസുകൾ. വെബ് അധിഷ്ഠിത ആപ്ലിക്കേഷനായ സാരഥിയിലൂടെയാണു കാർഡുകൾ തയാറാക്കുക.

കുടപ്പനക്കുന്ന് റീ‍ജിയണൽ ട്രാൻസ്പോർട്ട് ഓഫിസ്, ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസ്, കരുനാഗപ്പള്ളി സബ് റീ‍ജിയണൽ ട്രാൻ‌സ്പോർട്ട് ഓഫിസ് എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സംവിധാനം നടപ്പാക്കി. ക്യുആർ കോഡ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഗില്ലോഷേ പാറ്റേൺ, മൈക്രോലെൻസ്, ഗോൾഡൻ നാഷനൽ എംബ്ലം, മൈക്രോ ടെസ്റ്റ് വിത്ത് ഇന്റൻഷനൽ എറർ എന്നിവ പുതിയ കാർഡിലുണ്ടാകും.

കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്തു മോട്ടോർ‌ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സംസ്ഥാനതല യോഗത്തില്‍ ട്രാൻസ്പോർട്ട് കമ്മിഷണർ കെ.പത്മകുമാർ നിർവഹിച്ചു. കേരളത്തിലെ മുഴുവൻ റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും പുതിയ കാർഡ് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.