കടലിൽ 2 ലക്ഷം മത്സ്യത്തൊഴിലാളികൾ, രക്ഷയ്ക്ക് സർക്കാർ വക 9 ലൈഫ് ജാക്കറ്റ്, വെറും 3 ബോട്ട്

തിരുവനന്തപുരം∙ കടലില്‍ പോകുന്ന രണ്ടു ലക്ഷത്തിലേറെ വരുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി പത്തു വര്‍ഷത്തിനിടെ സര്‍ക്കാര്‍ വാങ്ങിയത് 7,000 സുരക്ഷാ ഉപകരണങ്ങള്‍ മാത്രം. ചെലവാക്കിയത് 14.48 കോടിരൂപ. അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി കടല്‍ രക്ഷാ സ്ക്വാഡുകള്‍ക്കു വിതരണം ചെയ്തത് ഒന്‍പതു ലൈഫ് ജാക്കറ്റുകള്‍. അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ തിരയാന്‍ പത്തു വര്‍ഷത്തിനിടെ വാങ്ങിയ ബോട്ടുകള്‍ മൂന്നെണ്ണം മാത്രമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തില്‍ 10,23,796 മത്സ്യത്തൊഴിലാളികള്‍ ഉണ്ടെന്നാണു സര്‍ക്കാര്‍ കണക്ക്. ഇതില്‍ സജീവമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് 2,33,126 പേരാണ്. കടലില്‍പ്പോകുന്ന മത്സ്യബന്ധന യാനങ്ങളുടെ എണ്ണം 35,000.

∙ സുരക്ഷാ കിറ്റില്‍ ഉള്ളത്

ഹീലിയോഗ്രാഫ്, റഡാര്‍ റിഫ്ലക്ടര്‍, ഫിഷിങ് കം എമര്‍ജന്‍സി ഫ്ലാഷ് ലൈറ്റ്, കോമ്പസ്, സര്‍വൈവല്‍ റേഷന്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, 20 ലീറ്റര്‍ വാട്ടര്‍ കാന്‍, ജാക്ക് നൈഫ്, ലൈഫ് ബോയ്, ബീക്കണ്‍

വാങ്ങിയത് 7000 എണ്ണം. വില-14,48,47,700

∙ കടല്‍ രക്ഷാ സ്ക്വാഡുകളുടെ രക്ഷാ ഉപകരണങ്ങള്‍

ഹീലിയോഗ്രാഫ്, റഡാര്‍ റിഫ്ലക്ടര്‍, ഫിഷിങ് കം എമര്‍ജന്‍സി ഫ്ലാഷ് ലൈറ്റ്, കോമ്പസ്, സര്‍വൈവല്‍ റേഷന്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, 20 ലീറ്റര്‍ വാട്ടര്‍ കാന്‍, ജിപിഎസ്, ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍, സെര്‍ച്ച് ലൈറ്റ്

വാങ്ങിയത് ഒന്‍പത് എണ്ണം. ചെലവായ തുക- 2.98 ലക്ഷം

ലൈഫ് ജാക്കറ്റ് - ഒന്‍പത് എണ്ണം. ചെലവായ തുക- 18,810 രൂപ

ലൈഫ് ബോയ് - ഒന്‍പത് എണ്ണം. ചെലവായ തുക- 13,554

ബോട്ട് - 13.57 ലക്ഷം

നിരീക്ഷണ സംവിധാനം - 181 എണ്ണം. ചെലവായ തുക- 25,87,700

അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ തിരയാന്‍ പത്തുവര്‍ഷത്തിനിടെ വാങ്ങിയ ബോട്ടുകള്‍ മൂന്നെണ്ണം

∙ ഫിഷറീസ് വകുപ്പ് പറയുന്നത്

ഫണ്ടുകളുടെ അപര്യാപ്തതയുണ്ടെങ്കിലും പരമാവധി ഉപകരങ്ങള്‍ വാങ്ങിയിട്ടുണ്ട്. മൂന്നു ബോട്ടുകളെ കൂടാതെ ഒന്‍പതു ബോട്ടുകള്‍ വാടകയ്ക്കെടുത്തു നിരീക്ഷണം നടത്തുന്നുണ്ട്. മഴക്കാലത്തു വീണ്ടും ബോട്ടുകള്‍ വാടകയ്ക്കെടുക്കും. ഈ വര്‍ഷം ഐഎസ്ആര്‍ഒയുടെ സഹായത്തോടെ 500 ‘നാവിക്’ വിതരണം ചെയ്യും. മത്സ്യത്തൊഴിലാളികള്‍ക്കു വിവരം കൈമാറുന്നതിനും മത്സ്യ ലഭ്യത അറിയുന്നതിനും നാവിക് സഹായിക്കും. കെല്‍ട്രോണിനാണു നിര്‍മാണ ചുമതല.

∙ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്

പേരിനുവേണ്ടി ഉപകരണങ്ങള്‍ വാങ്ങുന്നതല്ലാതെ ഒന്നും പ്രയോജനപ്പെടുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകരിക്കുന്ന രീതിയിലുള്ളതല്ല ഉപകരണങ്ങളും സംവിധാനങ്ങളും. പദ്ധതികളുടെ പേരില്‍ ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് ഉപകരണങ്ങള്‍ വാങ്ങുന്നു.