സീറ്റുമാറി ഇരുന്നതിന് ജോർജിന്റെ ‘കൊട്ട്’; ഒരാഴ്ചയ്ക്കകം പിണറായിയുടെ തിരിച്ചടി

പി.സി.ജോർജ്, പിണറായി വിജയൻ

തിരുവനന്തപുരം ∙ നിയമസഭയിൽ സീറ്റു മാറിയിരുന്നതിനു തന്നെ വിമർശിച്ച പി.സി. ജോർജിന് അതേ നാണയത്തിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കഴിഞ്ഞ ജനുവരി 30ന് നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിക്കവെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പി.സി. ജോർജിന്റെ വിമർശനം.

നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയേണ്ട മുഖ്യമന്ത്രി തന്റെ സീറ്റിൽനിന്ന് എഴുന്നേറ്റു മാറി പിൻസീറ്റിൽ ഇരിക്കുന്നതു ശരിയല്ലെന്നു പി.സി. ജോർജ് പറഞ്ഞു. ഇതുകേട്ട മുഖ്യമന്ത്രി ഉടൻ എഴുന്നേറ്റ് തന്റെ സീറ്റിലേക്കു വന്നിരിക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു ‘ഇതു പോലെ നാവുണ്ടായാൽ എന്തു ചെയ്യും. പലതും പറയാൻ തോന്നുന്നുണ്ട്. പക്ഷേ, പറയുന്നില്ല’.

ഈ ‘അടി’ക്ക് മുഖ്യമന്ത്രി ഇന്ന് ‘തിരിച്ചടി’ച്ചു. സംഭവമിങ്ങനെ: വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെ പി.സി. ജോർജ് മുഖ്യമന്ത്രിക്കു പിന്നിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കു സമീപത്തായി വന്നിരുന്നു. തന്റെ പ്രസംഗത്തിനിടെ ജോർജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും സംഭാഷണം ഉച്ചത്തിൽ കേട്ടപ്പോൾ മുഖ്യമന്ത്രി സ്പീക്കറോടു പറഞ്ഞു: ‘സർ, രണ്ടു പേരുടെ സംസാരം ഇതിനിടെ കേൾക്കുന്നുണ്ട്. മൈക്ക് ഇല്ലാതെ തന്നെ ഉച്ചത്തിൽ ശബ്ദം കേൾപ്പിക്കാൻ കഴിവുള്ളവരാണ് രണ്ടു പേരും’. ഉടൻ ജോർജും മേഴ്സിക്കുട്ടിയമ്മയും സംസാരം നിർത്തി അച്ചടക്കമുള്ള കുട്ടികളായി. സഭയിൽ ചിരി പടർന്നു.