റീ–ഇംബേഴ്സ്മെന്റിനു പകരം എംഎൽഎമാർക്ക് ഇൻഷുറൻസ്; നിർദേശം നടപ്പായില്ല

തിരുവനന്തപുരം∙ നിയമസഭാ സാമാജികരുടെ മെഡിക്കൽ റീ–ഇംബേഴ്സ്മെന്റിനു പരിധി ഏർപ്പെടുത്തണമെന്ന ജസ്റ്റിസ് ജയിംസ് കമ്മിഷന്റെ റിപ്പോർട്ട് നടപ്പിലാക്കാതെ സംസ്ഥാന സർക്കാർ. റീ–ഇംബേഴ്സ്മെന്റിനു പകരം ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണമെന്ന നിർദേശമാണു സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത്. ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിഷൻ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിട്ട് അഞ്ചുമാസം കഴിഞ്ഞു.

ജയിംസ് കമ്മിഷൻ ശുപാർശകൾ ഇവയൊക്കെ:

∙ പ്രായപൂര്‍ത്തിയായ, വരുമാനമുള്ള മക്കളെ ആനുകൂല്യങ്ങളുടെ പരിധിയിൽനിന്ന് ഒഴിവാക്കണം
∙ കണ്ണട അഞ്ചുവര്‍ഷത്തില്‍ ഒന്നുമാത്രമേ അനുവദിക്കാവൂ. എന്നാൽ കാഴ്ചയില്‍ വ്യത്യാസമുണ്ടെങ്കില്‍ മാത്രം ഒരുതവണ മാറ്റാം, 10,000 രൂപ പരിധി.
∙ ശ്രവണസഹായി, കോണ്‍ടാക്ട് ലെന്‍സ് തുടങ്ങിയവയ്ക്കു നിശ്ചിതവില.
∙ ഇന്‍ഷുറന്‍സില്‍ വരാത്ത രോഗങ്ങള്‍ക്കു ചെലവിന് 60,000 രൂപ പരിധി
∙ മെഡിക്കൽ സർവീസ് കോർപറേഷൻ നിരക്കു നിശ്ചയിക്കണം
∙ ഇൻഷുറൻസിൽ ഭക്ഷണം, റജിസ്ട്രേഷൻ, പ്രവേശനഫീസ് എന്നിവയുടെ തുക ഉൾപ്പെടുത്തില്ല.

മന്ത്രിമാര്‍ക്കും എംഎൽഎമാര്‍ക്കും ചികി‍ൽസാ ആനുകൂല്യങ്ങൾ അനുവദിച്ച വകയിൽ കഴിഞ്ഞ ഒരു വർഷത്തെ മാത്രം ചെലവ് 1.84 കോടി രൂപയാണന്നു കണക്കുകൾ വ്യക്തമാക്കുന്നു.