'എല്ലാം അഴിമതിക്കാർക്ക് ശരിയായി'; സജി ബഷീറിന്റെ കേസുകൾ അതിനു തെളിവ്

തിരുവനന്തപുരം∙ അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം ഇഷ്ടക്കാര്‍ക്കായി അട്ടിമറിക്കുന്നു. കോടികളുടെ അഴിമതി നടത്തിയ സിഡ്കോ മുന്‍ എംഡി സജി ബഷീറിനെതിരായ മുപ്പതിലേറെ കേസുകളില്‍ സര്‍ക്കാര്‍ തുടരുന്നതു മെല്ലപ്പോക്കു നയം. പ്രോസിക്യൂട്ട് ചെയ്യണമെന്ന റിപ്പോര്‍ട്ട് ഇടതു സര്‍ക്കാര്‍ പൂഴ്ത്തി. വ്യവസായ വകുപ്പു തള്ളിയ സജി ബഷീറിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പ് അനുവദിക്കുന്നില്ല.

സിഡ്കോ എംഡി ആയിരിക്കേ ഒലവക്കോട് വ്യവസായ എസ്റ്റേറ്റില്‍ ഷെഡുകള്‍ അനുവദിച്ചതില്‍ വിജിലന്‍സ് ഒന്നേമുക്കാല്‍ക്കോടി രൂപയുടെ ക്രമക്കേടു കണ്ടെത്തിയിരുന്നു. സജിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് 2016 ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇതുവരെ ഈ റിപ്പോര്‍ട്ട് പരിഗണിച്ചില്ല. 18 മാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാനും ആഭ്യന്തരവകുപ്പ് സമ്മതിച്ചിട്ടില്ല.

അഞ്ച് കേസുകളില്‍ 45 കോടിയുടെ ക്രമക്കേടാണു കണ്ടെത്തിയത്. കുറ്റപത്രം കൊടുക്കാന്‍ തയാറാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും വിജിലന്‍സ് മേധാവി പ്രതികരിച്ചില്ല. ത്വരിതാന്വേഷണം 45 ദിവസം കൊണ്ടു തീര്‍ക്കണമെന്ന നിയമമിരിക്കെ സജിക്കെതിരായി അന്വേഷണങ്ങള്‍ നാലരവര്‍ഷം പിന്നിട്ടിട്ടും തുടരുകയാണ്. അന്വേഷണം നീളുമ്പോള്‍ കോടതിയെ സമീപിക്കാനും അനുകൂല ഉത്തരവു നേടിയെടുത്തു സര്‍വീസില്‍ തിരിച്ചെത്താനും സജി ബഷീറിനു കഴിയും. ഒടുവിലത്തെ കെല്‍പാം നിയമനവും ഇങ്ങനെയാണു തരപ്പെടുത്തിയത്.