Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസമിൽ വിമാനം തകർന്നു മലയാളി ഉൾപ്പെടെ 2 വ്യോമസേന പൈലറ്റുമാർ മരിച്ചു

aircraft-assam-feb-15-2018 അസമിൽ തകർന്നു വീണ മൈക്രോലൈറ്റ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ. ചിത്രം – പിടിഐ

ഗുവാഹത്തി∙ അസമിലെ മജുലി ജില്ലയിൽ വ്യോമസേനയുടെ ചെറുവിമാനം തകർന്നു മലയാളി ഉൾപ്പെടെ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. വിങ് കമാൻഡർമാരായ ജയ് പോൾ ജയിംസ്, ഡി.വാട്സ് എന്നിവരാണു മരിച്ചതെന്ന് തേസ്പൂരിലെ പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ ഹർഷവർധൻ പാണ്ഡേ അറിയിച്ചു.

ജോർഹത്തിലെ വ്യോമസേന താവളത്തിൽ നിന്നു പറന്നുയർന്ന വിമാനമാണു തകർന്നത്. രണ്ടു സീറ്റുള്ള വൈറസ് എസ്ഡബ്ലിയു80 മൈക്രോലൈറ്റ് വിമാനത്തിൽ നിരീക്ഷണ പറക്കലിനിടെ വ്യാഴാഴ്ച നട്ടുച്ചയ്ക്കാണ് സംഭവം.

എല്ലാ ദിവസവും ഇത്തരത്തിൽ നിരീക്ഷണപ്പറക്കൽ നടത്താറുള്ളതാണ്. പറന്നുയർന്ന് ഏതാനും സമയത്തിനകം തകർന്നു വീഴുകയായിരുന്നു. രണ്ടു പേർക്കു സഞ്ചരിക്കാൻ കഴിയുന്ന വിമാനമാണു തകർന്നത്. മജുലി നദിക്കു സമീപം സുമൊയ്മാറി ഗ്രാമത്തിലെ ദർബാർ ചപോറിയിലെ മണൽതിട്ടയിൽ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. സംഭവസ്ഥലം വ്യോമസേന ഉദ്യോഗസ്ഥർ സന്ദർശിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു. മൂന്നു വർഷം മുൻപാണ് സ്ലോവേനിയയിൽ നിന്ന് 80 മൈക്രോലൈറ്റ് വിമാനങ്ങൾ വ്യോമസേന വാങ്ങിയത്.