ഖജനാവു കാലിയെന്നു ധനമന്ത്രി; ‘ആഡംബര വിമാന യാത്ര’യിൽ ഉദ്യോഗസ്ഥര്‍ !

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഡംബര വിമാനയാത്ര അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവ്. ടിക്കറ്റ് നിരക്കിനു പുറമെ വിമാനത്തിലെ ഭക്ഷണമടക്കമുള്ള മറ്റു സൗകര്യങ്ങള്‍ക്കു ചെലവാകുന്ന അധിക തുക കൂടി യാത്രാചെലവിലേക്ക് ഉള്‍പ്പെടുത്തിയാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ചെലവു നിയന്ത്രിക്കണമെന്നു ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിട്ടു ദിവസങ്ങളായതേയുള്ളൂ. സ്വന്തം വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ മന്ത്രിയുടെ വാക്ക് കാറ്റില്‍ പറത്തി. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു. വകുപ്പു തലവന്‍മാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണു ഭക്ഷണം, പാനീയം, സീറ്റ് മുന്‍ഗണന, ലഗേജ് ചാര്‍ജ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ യാത്രചെലവിന്റെ ഭാഗമാക്കിയത്.

സ്വകാര്യവിമാനക്കമ്പനികളുടെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വരെ ഈ ആനുകൂല്യം കിട്ടുമെന്നതാണു പ്രത്യേകത. എയര്‍ ഇന്ത്യ വിമാനത്തിലെ ഫുള്‍ഫെയര്‍ ഇക്കോണമി ക്ലാസിലെ യാത്രാക്കൂലിക്കു തുല്യമായ തുകയാണു സ്വകാര്യവിമാനത്തിലെ യാത്രയ്ക്കും അനുവദിച്ചിരിക്കുന്നത്. പല സ്വകാര്യവിമാനക്കമ്പനികളും ഈ സൗകര്യങ്ങള്‍ക്ക് ഈടാക്കുന്ന പണം യാത്രാക്കൂലിയിനത്തില്‍ ഉള്‍പ്പെടുത്താതെ പ്രത്യേകം ബിൽ ചെയ്യുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.

യാത്രാചെലവിന്റെ അനുവദനീയമായ പരിധിക്കുള്ളില്‍ വരുമെങ്കില്‍ പോലും അധികസൗകര്യങ്ങള്‍ക്ക് ഈടാക്കുന്ന തുക പ്രത്യേകം ബില്‍  ചെയ്യുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് എഴുതിയെടുക്കാനും സാധിക്കില്ലായിരുന്നു. ഓരോ തവണയും ഉത്തരവിറക്കേണ്ട സ്ഥിതി ഒഴിവാക്കുന്നതിനാണ് ഇതെല്ലാം ചെലവിന്റെ ഭാഗമാക്കിയതെന്നാണു ധനവകുപ്പിന്റെ വിശദീകരണം.