മേഘാലയയിൽ കുഴിബോംബ് സ്ഫോടനം: സ്ഥാനാർഥി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

ഗുവാഹത്തി∙ മേഘാലയയിൽ കുഴിബോംബ് പൊട്ടി എൻസിപി സ്ഥാനാർഥി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യം വേണമെന്നു വിഘടനവാദികൾ ആവശ്യപ്പെടുന്ന മേഖലയിലാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. സംസ്ഥാന തലസ്ഥാനമായ ഷില്ലോങ്ങിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലാണ് സ്ഫോടനമുണ്ടായത്.

വില്യംനഗറിൽനിന്നുള്ള എൻസിപി സ്ഥാനാർഥിയായ ജൊനാഥൻ സാങ്മയാണ് കൊല്ലപ്പെട്ടത്. സാങ്മയുടെ ഡ്രൈവറും അകമ്പടി പോയ രണ്ടു പൊലീസുകാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. സാങ്മയുടെ വാഹനത്തിനു കാര്യമായ നാശനഷ്ടങ്ങളുണ്ടായി. മരിച്ചവരെല്ലാം ഒരേ വാഹനത്തിൽ യാത്ര ചെയ്തവരാണ്. തീവ്രയേറിയ സ്ഫോടനമായതിനാൽ സംഭവസ്ഥലത്തുതന്നെ എല്ലാവരും കൊല്ലപ്പെട്ടു.

സാങ്മയ്ക്കെതിരെ നേരത്തെയും വധഭീഷണി വന്നിട്ടുണ്ട്. ഇതേത്തുടർന്ന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.