മൊബൈൽ നമ്പർ ഇനി 13 അക്കത്തിലേക്കു മാറുമോ? ഇതാ നിങ്ങൾക്കുള്ള ഉത്തരം

കൊല്ലം ∙ നിങ്ങളുടെ കയ്യിലെ മൊബൈൽ ഫോണിലെ 10 അക്ക നമ്പർ ജൂലൈ മുതൽ 13 അക്കത്തിലേക്കു മാറുമോ? സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴുള്ള സംശയമാണിത്. പുതുതലമുറ നമ്പർ സിസ്റ്റത്തിലേക്കു മാറാനുള്ള ഡിപ്പാർട്മെന്റ് ഓഫ് ടെലികോ (ഡിഒടി) മിന്റെ സർക്കുലർ കണ്ടു തെറ്റിദ്ധരിച്ചതാണ് ഈ പ്രചാരണത്തിനു കാരണം. നിലവിൽ ഉപയോക്താക്കളുടെ സിം നമ്പറുകൾ 13 അക്കത്തിലേക്കു മാറ്റാൻ ഒരു നടപടിയുമില്ല.

മെഷീൻ ടു മെഷീൻ (എംടുഎം) ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിം കാർഡുകളുടെ നമ്പർ ജൂലൈ മുതൽ 13 അക്കത്തിലേക്കു മാറ്റാനാണു ഡിഒടി സേവന ദാതാക്കൾക്കു നിർദേശം നൽകിയിരിക്കുന്നത്. അതായത് കാർഡ് സ്വൈപ്പിങ് മെഷീൻ പോലെയുള്ള ഒരു ഉപകരണത്തിൽ നിന്ന് അടുത്ത ഉപകരണത്തിലേക്കു ആശയ വിനിമയം നടത്തുന്ന സിം കാർഡുകളുടെ നമ്പറുകളാണു മാറ്റം വരുത്തുന്നത്.

സാധാരണ ഉപയോക്താക്കൾ സംസാരിക്കാൻ ഉപയോഗിക്കുന്ന സിം കാർഡുകൾക്ക് പേഴ്സൻ ടു പേഴ്സൻ (പിടുപി) സിം കാർഡുകൾ എന്നാണു പറയുന്നത്. ഇത്തരം സിം കാർഡുകൾ മാറ്റാൻ നിലവിൽ തീരുമാനമില്ല. അതിനാൽ ഇപ്പോഴത്തെ മാറ്റം സാധാരണ മൊബൈൽ ഫോൺ ഉപയോക്താക്കളെ ബാധിക്കില്ല. 10 അക്ക നമ്പര്‍ സമ്പ്രദായം അതിന്റെ പരമാവധി ഉപയോക്താക്കളിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണു നമ്പർ സിസ്റ്റത്തിൽ മാറ്റം വരുത്താൻ ഡിഒടി തീരുമാനമെടുത്തിരിക്കുന്നത്. നിലവിലുള്ള പത്ത് അക്ക നമ്പർ തുടരുമെങ്കിലും അതിനു മുന്നിൽ സംസ്ഥാന ‍ഡിജിറ്റായോ സർവീസ് പ്രൊവൈഡറുടെ ഡിജിറ്റായോ മൂന്നക്കം കൂടി വരുമെന്നാണ് വിശദീകരണം.

ഭാവിയിൽ നമ്മുടെ മൊബൈൽ ഫോൺ നമ്പറുകളും ഇതേ രീതിയിൽ 13 അക്കത്തിലേക്കു മാറേണ്ട ആവശ്യം വരും. മൊബൈല്‍ ഫോൺ ഉപയോഗം ജനസംഖ്യയേക്കാൾ ഉയർന്ന സാഹചര്യത്തിൽ നമ്പറുകൾ നൽകാൻ ഇല്ലാതെ വരുന്നതാണു കാരണം. എന്നാൽ ഇതിന്റെ പ്രാഥമിക പ്രവർത്തനം മാത്രമേ ആയിട്ടുള്ളൂ. ഇതു നിലവിൽ വന്നാൽ ലാൻഡ് ലൈനിൽ നിന്നും മൊബൈലിലേക്കും, തിരിച്ചും നമ്പർ പോർട്ട് ചെയ്യാനാകും. എന്നാൽ നിലവിലെ സാഹചര്യത്തിൽ പേടിക്കേണ്ട. നമ്പർ സുരക്ഷിതമാണ്. മാറില്ല.