‘നിക്ഷേപ കവാടം’ തുറന്ന് യോഗി; 4.28 ലക്ഷം കോടിയുടെ കരാറൊപ്പിട്ട് യുപി

ഉത്തർപ്രദേശ് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം സമ്മാനിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചിത്രം∙ ട്വിറ്റർ

ലക്നൗ∙ ഉത്തർപ്രദേശിന്റെ വ്യാപാര, വ്യവസായ സാധ്യതകൾ ലോകത്തിനു തുറന്നിട്ടു യോഗി ആദിത്യനാഥ് സർക്കാർ. സംസ്ഥാനത്തെ ആദ്യ നിക്ഷേപക സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വൻ കോർപറേറ്റുകൾ, വ്യവസായികൾ, 18 കേന്ദ്രമന്ത്രിമാർ, 100 പ്രഭാഷകർ തുടങ്ങിയവരുൾപ്പെടെ 5000 പേർ പങ്കെടുക്കുന്ന വമ്പൻ പരിപാടിയായാണു നിക്ഷേപക സംഗമം ഒരുക്കിയിരിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ദ്വിദിന സമ്മേളനത്തിൽ 30 സെഷനുകളാണുള്ളത്. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി തുടങ്ങിയ വ്യവസായ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു. ആദ്യദിനത്തിൽ 4.28 ലക്ഷം കോടി രൂപയുടെ 1,045 കരാറുകൾ ഒപ്പിട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. 

‘പ്രതിരോധ വ്യവസായ ഇടനാഴി’ക്കായി യുപിയിൽ 20,000 കോടി രൂപ നിക്ഷേപിക്കുമെന്നു സംഗമം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തർപ്രദേശിന്റെയും മധ്യപ്രദേശിന്റെയും ഇടയ്ക്കുള്ള ബുന്ദേൽഖണ്ഡ് മേഖലയിൽ പ്രതിരോധ സാമഗ്രികളുടെ നിർമാണത്തിനായാണു വ്യവസായിക ഇടനാഴി സ്ഥാപിക്കുന്നത്. ഇതിലൂടെ രണ്ടര ലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നും മോദി പറഞ്ഞു.

യുപിയിൽ വിവിധ മേഖലകളിലായി അഞ്ചു വർഷത്തിനുള്ളിൽ 35,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി പ്രഖ്യാപിച്ചു. ജിയോയുടെ ഡിജിറ്റൽ വിപ്ലവം യുപിയുടെ വികസനത്തിനു വലിയ പങ്കാണു വഹിക്കുന്നതെന്നു റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി പറഞ്ഞു. അടുത്ത മൂന്നു വർഷത്തിനകം ജിയോ 10,000 കോടിയുടെ കൂടി നിക്ഷേപം നടത്തുമെന്നും അംബാനി പ്രഖ്യാപിച്ചു.

യുപിയും മഹാരാഷ്ട്രയും മത്സരമുണ്ടോ?: മോദി

സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഉത്തർപ്രദേശും മഹാരാഷ്ട്രയും തമ്മിൽ മത്സരമുണ്ടോയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷം കോടി ഡോളറിന്റെ സമ്പദ്‍വ്യവസ്ഥയാണു മഹാരാഷ്ട്ര സർക്കാർ ഉന്നമിടുന്നത്. അതേ പാതയിലാണു യുപിയും മുന്നേറുന്നത്. ആരാണ് ആദ്യം ഈ ലക്ഷ്യം കൈവരിക്കുക എന്നതു സംബന്ധിച്ചു രണ്ടു സംസ്ഥാനങ്ങളും മത്സരമുണ്ടോയെന്നും മോദി ചോദിച്ചു.

പാൽ, കരിമ്പ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉത്പാദനത്തിൽ യുപി ഒന്നാം സ്ഥാനത്താണ്. ഒരുപാടു മൂല്യങ്ങളുള്ള സംസ്ഥാനമാണു യുപി. ആധുനിക കാലത്ത് ‘മൂല്യവർധിത’ ഉത്പന്നങ്ങളുണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും മോദി അഭിപ്രായപ്പെട്ടു. യുപിയിൽ നിക്ഷേപം നടത്തുന്നവർക്കു യാതൊരു പ്രയാസങ്ങളും നേരിടേണ്ടി വരില്ലെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പുനൽകി.