കോടിയേരിയുടെ മക്കളുടെ പേരിൽ തിരുവനന്തപുരത്ത് 28 വ്യാജകമ്പനികൾ: ബിജെപി

ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും

തൃശൂർ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷും ബിനോയ്‌യും ചേർന്നു വ്യാജ കമ്പനികൾ രൂപീകരിച്ചു കച്ചവടത്തട്ടിപ്പു നടത്തുന്നതായി ബിജെപിയുടെ ആരോപണം. തിരുവനന്തപുരത്ത് ഒരു കെട്ടിടത്തിനുള്ളിൽ ബോർഡു പോലുമില്ലാതെ 28 കമ്പനികൾ ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ചേർന്നു റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നുണ്ടെന്നു ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ രേഖകൾ പുറത്തുവിട്ട് ആരോപണമുന്നയിച്ചു.

ഇതിൽ ആറുകമ്പനികളിൽ ബിനീഷും ബിനോയിയും നേരിട്ടു ‍ഡയറക്ടർമാരാണ്. ഈ കമ്പനികളിലെ മറ്റു ഡയറക്ടർമാരുടെ പേരുകൾ ബാക്കി 22 കമ്പനികളിലുമായി ഡയറക്ടർ ബോർഡിൽ ചേർത്തിരിക്കുകയാണ്. 28 കമ്പനികൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിനും ബോർഡ് പോലുമില്ല. സ്ക്വയർ എന്റർപ്രൈസസ് എന്നു പേരിന് ഒരു ബോർഡുമാത്രമാണു വച്ചിരിക്കുന്നത്. ഇതേ ഡയറക്ടർമാർ ഉൾപ്പെട്ട രണ്ടുകമ്പനി ബെംഗളൂരുവിലും പ്രവർത്തിക്കുന്നുണ്ടെന്നും ഈ കമ്പനികൾക്ക് വിദേശ പണമിടപാടുവരെയുണ്ടെന്നും എ.എൻ. രാധാകൃഷ്ണൻ ആരോപിച്ചു.

ശാസ്തമംഗലത്ത് കൊച്ചാർ റോഡിൽ ‘ഗോപിക’ എന്ന കെട്ടിടത്തിലാണ് ഈ കമ്പനികളെല്ലാം പേരിനു പ്രവർത്തിക്കുന്നത്. ഇതിൽ 2008 ൽ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെ റജിസ്റ്റർ ചെയ്ത ടൂറിസം കമ്പനികളുമുണ്ടെന്നു രേഖകളിലൂടെ രാധാകൃഷ്ണൻ വ്യക്തമാക്കി. ഈ സ്ഥാപനങ്ങൾക്കു കേന്ദ്രസർക്കാർ നോട്ടിസ് അയച്ചിട്ടുണ്ടെന്നും കമ്പനികളുടെ ലഭ്യമായ വിവരങ്ങൾ ഉടൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിനു കൈമാറുമെന്നും രാധാകൃഷ്ണൻ പറഞ്ഞു. 28 കമ്പനികളുടെയും റജിസ്ട്രേഷൻ വിവരങ്ങളും പുറത്തുവിട്ടു. മക്കളുടെ പേരിലുള്ള ഈ ബിസിനസുകളെക്കുറിച്ചു കോടിയേരി നയം വ്യക്തമാക്കണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.