മേഘാലയ പോളിങ് ബൂത്തിൽ; വിധി നിർണയിക്കുക പ്രാദേശിക പാർട്ടികൾ

മുകുൾ സാങ്മ , കൊനാർഡ് സാങ്മ

ഷില്ലോങ്∙ എത്രയെത്ര കന്യാസ്ത്രീകളെയും അച്ചന്മാരെയുമാണ് അന്യനാടുകളിൽ നിന്നു രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചതെന്ന് മേഘാലയയിലെ ഗാരോ കുന്നുകളിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരഭരിതനായി പറഞ്ഞെങ്കിലും മേഘാലയയിൽ ബിജെപി നേരിടുന്നതു കടുത്ത വെല്ലുവിളി. ന്യൂനപക്ഷവിരുദ്ധരെന്ന ഇമേജിൽനിന്നു രക്ഷപ്പെടാൻ ബിജെപി നേതൃത്വം ആഞ്ഞുശ്രമിക്കുന്നുണ്ടെങ്കിലും ജനസംഖ്യയുടെ 83% ക്രിസ്ത്യൻ വിശ്വാസികളുള്ള മേഘാലയയിൽ പാർട്ടിക്ക് അസുഖകരങ്ങളായ ഒട്ടേറെ ചോദ്യങ്ങൾ നേരിടേണ്ടിവരുന്നു. അതിനിടെ, സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി.

Indepth: വടക്കുകിഴക്കൻ കാറ്റ് വീശുന്നത് എങ്ങോട്ട് ?

കോൺഗ്രസ് സർക്കാരാണു നിലവിലുള്ളത്; പക്ഷേ, തിരഞ്ഞെടുപ്പിൽ പതിവുപോലെ മേഘാലയ രാഷ്ട്രീയത്തിന്റെ ഗതിനിർണയിക്കുക പ്രാദേശിക പാർട്ടികളായിരിക്കും. രാഷ്ട്രീയ അനിശ്ചിതാവസ്ഥയുള്ള മേഘാലയയിൽ കഴിഞ്ഞ കുറെക്കാലമായി പ്രാദേശിക പാർട്ടികളും സ്വതന്ത്രരുമാണ് ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത്. ടോസിട്ട് മന്ത്രിയെ തീരുമാനിക്കുക, ജയിച്ച സ്വതന്ത്രനെ മുഖ്യമന്ത്രിയാക്കുക തുടങ്ങിയ അപൂർവതകളുള്ള മേഘാലയ രാഷ്ട്രീയത്തിൽ ഇത്തവണ കരുത്തരായ പ്രാദേശിക പാർട്ടികൾ കൂടുതൽ പ്രതീക്ഷകളുമായി മത്സരരംഗത്തുണ്ട്.

മുൻ ലോക്സഭാ സ്പീക്കർ പി.എ. സാങ്മ എൻസിപി വിട്ടതിനു ശേഷം രൂപീകരിച്ച നാഷനൽ പീപ്പിൾസ് പാർട്ടി ഇത്തവണ ശക്തമായ പ്രചാരണമാണു നടത്തുന്നത്. പി.എ. സാങ്മയുടെ മകനും മേഘാലയ മുൻ പ്രതിപക്ഷ നേതാവുമായ കൊനാർഡ് സാങ്മ എംപിയുടെ നേതൃത്വത്തിലാണ് എൻപിപിയുടെ പ്രചാരണം. മേഘാലയയുടെ പല മേഖലകളിലും പാർട്ടിക്കു സ്വാധീനമുണ്ട്.

ഖാസി, ജയന്റിയ കുന്നുകളിൽ സ്വാധീനമുള്ള യുണൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി (യുഡിപി), ഹിൽ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി), ഗാരോ കുന്നുകളിലെ കരുത്തരായ ഗാരോ നാഷനൽ കൗൺസിൽ (ജിഎൻസി) എന്നിവ അപൂർവമായ പ്രാദേശിക പാർട്ടികളുടെ കൂട്ടുകെട്ടും തിരഞ്ഞെടുപ്പിനു മുൻപായി ഉണ്ടാക്കിയിട്ടുണ്ട്. 1972നു ശേഷം ഒരു പ്രാദേശിക പാർട്ടിയും മേഘാലയയിൽ സർക്കാർ രൂപീകരിച്ചിട്ടില്ല. കോൺഗ്രസിന്റെ ശക്തി ക്ഷയിക്കുകയും ബിജെപി വേരുകളാഴ്ത്താൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രാദേശിക പാർട്ടികൾ ഇത്തവണ മിന്നുന്ന പ്രകടനം കാഴ്ചവച്ചേക്കുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. 

ഖാസി, ഗാരോ, ജയന്റിയ കുന്നുകൾ അടങ്ങിയതാണ് മേഘാലയ. ഗോത്രവർഗക്കാർ താമസിക്കുന്ന മേഘാലയയുടെ പല ഭാഗത്തും ക്രിസ്തുമതം എത്തിയിട്ട് നൂറോ നൂറ്റിയൻപതോ വർഷമേ ആയിട്ടുള്ളൂ. പക്ഷേ, ക്രിസ്ത്യൻ പുരോഹിതർക്കും പ്രചാരകർക്കും കനത്ത സ്വാധീനമാണ് സാമാന്യജനങ്ങൾക്കിടയിലുള്ളത്. അസം, അരുണാചൽ പ്രദേശ്, മണിപ്പുർ സംസ്ഥാനങ്ങൾ പിടിച്ചെടുത്ത ബിജെപി കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തിൽ നടത്തുന്ന ഹൈവോൾട്ടേജ് പ്രചാരണങ്ങളും പ്രധാനമായും ക്രിസ്ത്യൻ മതവിശ്വാസികളെ ഒപ്പം നിർത്തുന്നതിനാണ്. കഴിഞ്ഞ ദിവസം മേഘാലയയിലെത്തിയ നരേന്ദ്ര മോദി എണ്ണിയെണ്ണിപ്പറഞ്ഞതും ക്രിസ്ത്യൻ പുരോഹിതരെയും കന്യാസ്ത്രീകളെയും അന്യരാജ്യങ്ങളിൽ നിന്നു രക്ഷപ്പെടുത്തിയതിനെക്കുറിച്ചാണ്.

അറുപത് അംഗ നിയമസഭയിൽ 47 സീറ്റിലാണ് ബിജെപി മൽസരിക്കുന്നത്. ചില കേന്ദ്രങ്ങളിൽ ദുർബലരായ സ്ഥാനാർഥികളും ഉണ്ട്. തിരഞ്ഞെടുപ്പിനു ശേഷം സഖ്യം ഉണ്ടാക്കില്ലെന്ന് ബിജെപി ആവർത്തിക്കുന്നുണ്ടെങ്കിലും പ്രാദേശിക പാർട്ടികളുമായി ബിജെപി കൈകോർക്കുമെന്നാണു സൂചനകൾ. കൊനാർഡ് സാങ്മയുടെ എൻപിപിയുമായി ബിജെപിക്കു രഹസ്യധാരണയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. കേന്ദ്രത്തിൽ ബിജെപിയുടെ സഖ്യകക്ഷികളാണ് ഇവർ.

മേഘാലയയിൽ ബിജെപിക്ക് ഒറ്റ എംഎൽഎ പോലും ഇല്ലെങ്കിലും മോദി തരംഗം വീശിയ 2014ലെ തിരഞ്ഞെടുപ്പ് ബിജെപിക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഷില്ലോങ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഹെവിവെയ്റ്റായ വിൻസന്റ്. എച്ച്. പാലാ ജയിച്ചെങ്കിലും നാലാമതെത്തിയ ബിജെപിയുടെ ഷിബുൻ ലിങ്ദോ പല അസംബ്ലി മണ്ഡലങ്ങളിലും മുന്നിലെത്തി. 2015ൽ ഗാരോ, ഖാസി, ജയന്റിയ ഓട്ടോണമസ് കൗൺ‌സിൽ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനും ബിജെപിക്കു കഴിഞ്ഞു. 

മുഖ്യമന്ത്രി മുകുൾ സാങ്മയുടെ ഏകാധിപത്യവും പാർട്ടിയിലെ പ്രശ്നങ്ങളുമാണ് കോൺഗ്രസിനെ അലട്ടുന്നത്. പലവട്ടം മുഖ്യമന്ത്രിക്കെതിരെ കേന്ദ്രത്തിനു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പല നേതാക്കളും പരസ്യമായിത്തന്നെ കുറ്റപ്പെടുത്തുന്നു. എംഎൽഎമാർ ഉൾപ്പെടെ ചിലർ പാർട്ടി വിട്ടു. നാലു തവണ എംഎൽഎയായ മുകുൾ സാങ്മ ആദ്യമായി ഇത്തവണ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നു.

ബിജെപി ന്യൂനപക്ഷങ്ങൾക്കെതിരാണെന്ന പ്രചാരണം ശക്തമാക്കാൻ കോൺഗ്രസിനു സാധിച്ചിട്ടുണ്ട്. ബാപ്റ്റിസ്റ്റ് പ്രചാരകനായ റവ. പോൾ സിസായ്ക്ക് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ എംബസി വീസ നിഷേധിച്ചതാണ് ഏറ്റവും ഒടുവിൽ ആളിക്കത്തുന്ന വിഷയം. മേഘാലയയിലെ ഗാരോ ഹില്ലിൽ ക്രിസ്ത്യൻ മതം എത്തിയതിന്റെ 150-ാം വാർഷികച്ചടങ്ങിൽ പങ്കെടുക്കാനാണ് റവ. സിസാ ഇന്ത്യയിലേക്കു വരാനിരുന്നത്. ബിജെപിയുടെ മേഘാലയ പ്രചാരണങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന് ക്രിസ്ത്യൻ പുരോഹിതരെ അനുനയിപ്പിക്കുക എന്നതാണ്.

കലാപങ്ങളുടെ നാടായിരുന്ന മേഘാലയയിൽ, പ്രത്യേകിച്ചു ഗാരോ ഹില്ലിൽ സമാധാനം കൊണ്ടുവന്നതാണ് കോൺഗ്രസിന്റെ പ്രചാരണങ്ങളിലൊന്ന്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നു. ബീഫ് കഴിക്കുന്ന മേഘാലയയിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്ഥിതി മാറിയേക്കാമെന്ന് പ്രാദേശിക നേതാക്കളും ജനങ്ങളെ ഭയപ്പെടുത്തുന്നു. കോൺഗ്രസ് ഉയർത്തിയ ഈ രണ്ടു വിഷയങ്ങൾ ബിജെപിയെ അലോസരപ്പെടുത്തിയിട്ടുണ്ട്. ബിജെപി ഒരു ഭക്ഷണത്തിനും എതിരല്ലെന്നും ഭക്ഷണസ്വഭാവം നിശ്ചയിക്കുന്നത് അതതു പ്രദേശത്തുള്ളവരാണെന്നും ദേശീയനേതാക്കൾക്ക് ഓരോ വേദിയിലും ആവർത്തിക്കേണ്ട സാഹചര്യമാണ്.

ലോകത്ത് സ്ത്രീകൾക്കു പുരുഷനെക്കാളും അധികാരമുള്ള അപൂർവം സമൂഹങ്ങളിലൊന്നാണ് മേഘാലയയിലെ പ്രമുഖ ഗോത്ര വിഭാഗമായ ഖാസികൾ. പക്ഷേ, ഈ സാമൂഹികാധികാരങ്ങളൊന്നും രാഷ്ട്രീയത്തിലേക്കു മാറിയിട്ടില്ല. ആകെ സംസ്ഥാനത്തുള്ള 374 സ്ഥാനാർഥികളിൽ 33 പേർ മാത്രമാണു സ്ത്രീകളായിട്ടുള്ളത്. പതിവുപോലെ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ലാതിരിക്കുകയും പ്രാദേശിക പാർട്ടികൾ ഭരണം നിശ്ചയിക്കുകയും ചെയ്യുന്ന സാഹചര്യം മേഘാലയയിലുണ്ടാകുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.