മോദി ‘തരംഗമോ’ മണിക് സർക്കാർ ‘പ്രകമ്പനമോ’; ത്രിപുരയിൽ വിരിയുമോ താമര?

വർഷം - 2008 ഫെബ്രുവരി
രംഗം - ത്രിപുരയിൽ കൊടുമ്പിരി കൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേദി
വിഷയം – മണിക് സർക്കാർ ഭരണത്തിന്റെ കെടുകാര്യസ്ഥതയും വികസനമുരടിപ്പും

ആറാം ശമ്പളക്കമ്മിഷൻ ശുപാർശകൾ കേന്ദ്രം അംഗീകരിച്ചിട്ടും നാലാം ശമ്പളക്കമ്മിഷൻ ശുപാർശകൾക്ക് അനുസരിച്ചു ശമ്പളം നൽകുന്ന ത്രിപുര സർക്കാരിനെതിരെ ആഞ്ഞടിക്കുന്നത് അന്ന് കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി. സമത്വസുന്ദരമായ നാട് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രചാരണത്തിൽ വളരെയധികം മുന്നേറിയെന്ന പ്രതീതിയുമുണ്ടായി.

60 അംഗ നിയമസഭയിലേക്കു 47 സ്ഥാനാർഥികളെയാണു കോൺഗ്രസ് നിർത്തിയത്. 11 സീറ്റ് പ്രാദേശിക ഗോത്രവർഗ പാർട്ടിയായ ഇൻഡിജീനിയസ് നാഷനലിസ്റ്റ് പാർട്ടി ഓഫ് ത്രിപുരയ്ക്കും (ഐഎൻപിടി) മൂന്നു സീറ്റുകൾ പീപ്പിൾസ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിനും (പിഡിഎസ്). ഫലമറിഞ്ഞപ്പോൾ, 38 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് 46 സീറ്റ്! 13 സീറ്റുണ്ടായിരുന്ന കോൺഗ്രസ് പത്തിലേക്കു ചുരുങ്ങി. ഐഎൻടിപി ആറിൽനിന്ന് ഒന്നായി. സിപിഎമ്മും സിപിഐയും ആർഎസ്പിയും ആകെ നേടിയത് 49 സീറ്റുകൾ.

വർഷം – 2018 ഫെബ്രുവരി
രംഗം – മുകളിൽ പറഞ്ഞതിനു സമാനം. ആകെ വ്യത്യാസം അന്നു കോൺഗ്രസ്, ഇന്നു ബിജെപി
വിഷയം – കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ ചില ഏറ്റക്കുറച്ചിലുകൾ മാത്രം.

ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾ നടപ്പാക്കുമെന്നു ബിജെപി. (പല തവണയായി ശമ്പളം വർധിപ്പിച്ചെങ്കിലും ത്രിപുരയിലെ സർക്കാർ ജീവനക്കാരുടെ അലവൻസുകളും മറ്റും ഇപ്പോഴും ഏഴാം ശമ്പള കമ്മിഷന്റെ ശുപാർശയോടു ചേരുന്നില്ല). 51 സീറ്റുകളിലേക്കു മൽസരിക്കുന്ന ബിജെപി ഒൻപതു സീറ്റുകൾ ഗോത്രവർഗ പാർട്ടിയായ ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി)യ്ക്കും നൽകി. ത്രിപുരലാൻഡ് എന്ന സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്നവരാണു ഗോത്രവർഗ പാർട്ടിയെന്നും അവരുമായുള്ള ബന്ധം അവിശുദ്ധ കൂട്ടുകെട്ടാണെന്നുമാണ് മണിക് സർക്കാർ അന്നും ഇന്നും പറയുന്നത്.

പ്രചാരണത്തിൽ ബിജെപി മുൻപന്തിയിലെന്നാണ് റിപ്പോർട്ടുകൾ. 2008 ലേതു വച്ചുനോക്കുമ്പോൾ സാഹചര്യങ്ങൾ മാറിയിട്ടില്ല. പാർട്ടികൾ മാത്രമേ മാറിയിട്ടുള്ളൂ... ചരിത്രം തിരുത്തി, ത്രിപുര ചെമ്പതാക ഉപേക്ഷിച്ചു താമരയെ പുണരുമോയെന്ന് അറിയാൻ മാർച്ചു മൂന്നു വരെ മാത്രമേ കാത്തിരിക്കേണ്ടതുള്ളു.

നിർണായകം ഗോത്ര മണ്ഡലങ്ങൾ

60 അംഗ നിയമസഭയിലെ 20 സീറ്റുകളും ഗോത്ര മേഖലയിൽപ്പെടുന്നതാണ്. ഈ മേഖലകളിൽ സിപിഎമ്മിനു ശക്തമായ അടിത്തറയുണ്ട്. മുഴുവൻ സീറ്റുകളിലേക്കും നേരിട്ടു മൽസരിക്കുന്നുണ്ടെങ്കിലും കോൺഗ്രസിനു ഗോത്ര മേഖലയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണു വിലയിരുത്തൽ. കേഡർ പാർട്ടികളായ ബിജെപിക്കും സിപിഎമ്മിനും അതിനു കഴിഞ്ഞിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. എന്നാൽ സിപിഎമ്മിനെ വെട്ടി ബിജെപിക്കു കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയുമോ എന്ന ചോദ്യവും അവശേഷിക്കുന്നു.

ഗോത്ര മേഖലകളിൽ സ്വതന്ത്രമായി സ്വയംഭരണം നടത്തുന്ന ത്രിപുര ട്രൈബൽ ഏരിയാസ് ഡിസ്ട്രിക്ട് കൗൺസിലിലൂടെയാണ് (ടിടിഎഡിസി) ബിജെപി ഗോത്രമേഖലയിൽ സ്വാധീനമുറപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായി രണ്ടു ഗോത്രവർഗക്കാരെയും ബിജെപി നിയമിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ ഗോത്രവർഗക്കാരനായ ഡി.സി. ഹ്രാങ്ഖ്വാളിനെ പ്രതിപക്ഷനേതാവാക്കിയതു കൂടാതെയാണിത്. ഗോത്രവർഗ പാർട്ടികളെക്കൂടാതെ, ഈ മേഖലയിൽ കാര്യമായ സ്വാധീനം നേടാനായതു സിപിഎമ്മിനാണെന്ന വസ്തുത വിസ്മരിക്കാനാകില്ല.

വിഭജിച്ചു പിടിക്കാൻ ബിജെപി

ബംഗാളികൾ കൂടുതലുള്ള ത്രിപുരയിൽ ഗോത്രവർഗക്കാർക്കു പ്രത്യേക സംസ്ഥാനം വേണമെന്നു വാദിക്കുന്ന പാർട്ടിയെ കൂട്ടുപിടിക്കുക വഴി ത്രിപുരയിൽ ‘വിഭജിച്ചു ഭരിക്കൽ’ തന്ത്രമാണു ബിജെപി പയറ്റുന്നതെന്നാണു സിപിഎമ്മിന്റെ ആരോപണം. ഗോത്രവർഗ പാർട്ടികൾ കഴിഞ്ഞ വർഷം ജൂലൈയിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തിയതു ജനജീവിതത്തെ ബാധിച്ചിരുന്നു. അന്നുണ്ടായ അക്രമസംഭവങ്ങൾ ഭൂരിപക്ഷമായ ബംഗാളി ജനതയെയും ഭീതിയിലാഴ്ത്തിയിരുന്നു. അഗർത്തലയിൽ ബംഗാളികളാണു ഭൂരിപക്ഷമെന്നും ഗോത്രഭാഷ പോലും അവിടെ സംസാരിക്കാനാകില്ലെന്നും ഗോത്രവർഗ പാർട്ടികൾ പറയുന്നു. സ്കൂളുകളിലും കോളജുകളിലും പഠിപ്പിക്കുന്നതല്ലാതെ, കൊക്ബൊറോക് ഭാഷയുടെ സംരക്ഷണത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് അവരുടെ വാദം. ജില്ലാ കൗൺസിൽ ജോലികളിൽപ്പോലും പരിഗണനയില്ലെന്നും അവർ പറയുന്നു.

ഈ വികാരത്തെ പിടിക്കാനാണു ബിജെപിയുടെ ശ്രമം. മേഖലയിൽ വിജയിക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാൽ അത്ര പെട്ടെന്നു സിപിഎമ്മിനെ ഇവിടെനിന്നു പിഴുതെറിയാനാവില്ലെന്നാണു വിദഗ്ധരുടെ കണക്കുകൂട്ടൽ. 2013 ലെ തിരഞ്ഞെടുപ്പിൽ മേഖലയിലെ 19 സീറ്റും സിപിഎമ്മിനായിരുന്നു.

‘ജയ് ശ്രീറാ’മിനു വഴിമാറി ‘വന്ദേമാതരം’

കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ കോൺഗ്രസും സിപിഎമ്മും തമ്മിലായിരുന്നു നേർക്കുനേർ പോരാട്ടം. ഇങ്ക്വിലാബ് സിന്ദാബാദും വന്ദേമാതരവുമായിരുന്നു ത്രിപുരയിൽ മുഴങ്ങിക്കേട്ടിരുന്നത്. ഇന്നത് ഇങ്ക്വിലാബ് സിന്ദാബാദും ജയ് ശ്രീറാമുമായി മാറിയെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വലിയ പടയെത്തന്നെയാണു ബിജെപി ദേശീയ നേതൃത്വം പ്രചാരണത്തിനായി അയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൂടാതെ ദേശീയ അധ്യക്ഷൻ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുൺ ജയ്റ്റ്ലി, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരാണു ത്രിപുരയിലെത്തിയത്. നഗരങ്ങളിൽ യോഗം നടത്തുന്ന പതിവിൽനിന്നു ബിജെപി ഗ്രാമങ്ങളിലേക്കു കടന്നുചെന്നു യോഗങ്ങൾ സംഘടിപ്പിച്ചു. ജനങ്ങളുമായി നേരിട്ടു ബന്ധം സ്ഥാപിച്ചു. ഈ നീക്കങ്ങൾ അനുകൂലമാകുമെന്നു ബിജെപി കണക്കുകൂട്ടുന്നു.

എക്സിറ്റ് പോളുകളിൽ ബിജെപി

ത്രിപുരയിൽ 25 വർഷമായി ഭരണത്തിൽ തുടരുന്ന സിപിഎമ്മിന് ഇത്തവണ കാലിടറുമെന്നാണു പുറത്തുവന്ന രണ്ട് എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. ഇവിടെ ഐപിഎഫ്ടിയുമൊത്തു ബിജെപി സർക്കാരിനു രൂപം നൽകുമെന്നാണ് ന്യൂസ് എക്സിന്റെ പ്രവചനം. വോട്ടെടുപ്പു നടന്ന 59 സീറ്റുകളിൽ 35–45 സീറ്റുകൾ ബിജെപി സഖ്യം നേടും. സിപിഎം 14–23 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോകും. കഴിഞ്ഞ തവണ 50 സീറ്റുകളാണ് സിപിഎം നേടിയിരുന്നത്. അതേസമയം, ആക്സിസ് മൈഇന്ത്യയുടെ പ്രവചനമനുസരിച്ച് 45–50 സീറ്റുകൾ ബിജെപിക്കു ലഭിക്കും. സിപിഎമ്മിന് 9–10 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും അവർ പറയുന്നു.

നാടകാന്ത്യത്തിൽ ആര്?

കേരളവും ത്രിപുരയും മാത്രമാണു സിപിഎമ്മിനു സ്വാധീനമുള്ള സംസ്ഥാനങ്ങൾ. നിലവിലെ സ്ഥിതിയിൽ കേരളത്തിൽ സിപിഎമ്മിനും കോൺഗ്രസിനും പിന്നിലായാണ് ബിജെപിയുടെ സ്ഥാനം. ത്രിപുര കൈവിട്ടാൽ പിന്നെ സിപിഎം കേരളത്തിൽ മാത്രം ഒതുക്കപ്പെടും. അതു കേരളത്തിലെ ബിജെപിക്കും സ്വകാര്യനേട്ടമാണ്. അതേസമയം, ത്രിപുരയിൽ കോൺഗ്രസ് ചിത്രത്തിലേ ഇല്ല. കോൺഗ്രസ് എംഎൽഎമാരിൽ പലരും പാർട്ടി വിട്ടു തൃണമൂലിലേക്കും പിന്നീട് ബിജെപിയിലേക്കും ചേക്കേറി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഭാഗമായുള്ള ത്രിപുരയിൽക്കൂടി അധികാരം പിടിച്ചെടുക്കുക എന്നതു ബിജെപിക്കു സ്വപ്നനേട്ടം എന്നതിനപ്പുറം ആവശ്യംകൂടിയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുക്കുക എന്ന നേട്ടത്തിലേക്ക് ഒരു കാൽവയ്പ്പു കൂടിയാണ് അത്.

ത്രിപുര 25 കൊല്ലം വീശിയ ചെങ്കൊടി ഇത്തവണ കാവിക്കൊടിക്കു വഴിമാറുമോ? കാത്തിരിക്കാം ശനിയാഴ്ച വരെ.