താപനിലയിൽ ഉരുകി കേരളം; കൊടുംചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം∙ സംസ്ഥാനത്ത് പകല്‍, രാത്രി താപനിലകള്‍ ഗണ്യമായി ഉയരുന്നതായി റിപ്പോർട്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൊടും ചൂടിന് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. ഉച്ചനേരത്ത് നേരിട്ട് വെയിലേ‌ൽക്കുന്ന ജോലികള്‍ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

പാലക്കാട്, കോട്ടയം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലാണ് കൊടുംചൂട് അനുഭവപ്പെടുന്നത്. പകല്‍ താപനില 38 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയരുന്നത്. സാധാരണ മാര്‍ച്ച് ആദ്യ ആഴ്ച അനുഭവപ്പെടുന്നതിനേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രിവരെ കൂടുതലാണിത്. രാത്രിയിലെ താപനിലയും 28 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. കാലാവസ്ഥാമാറ്റമാണ് താപനില ഇത്രയും ഉയരാന്‍ ഇടയാക്കിയതെന്നാണു ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

നഗരപ്രദേശങ്ങളില്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ താപനില ഉയരാനാണ് സാധ്യത. പകല്‍ പുറം ജോലികള്‍ കഴിവതും ഒഴിവാക്കണം. 11 മുതല്‍ മൂന്നു മണിവരെ തൊഴിലാളികള്‍ക്ക് ഇടവേള നല്‍കാന്‍ തൊഴില്‍വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്.