എക്സിറ്റ് പോളുകൾ തെറ്റി; കോൺഗ്രസിനെ ‘കൈ’വിടാതെ മേഘാലയ

മേഘാലയയിലെ കോൺഗ്രസ് വിജയം ആഘോഷിക്കുന്നവർ.

ഷില്ലോങ് ∙ മേഘാലയയിൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റിച്ച് കോൺഗ്രസ് പിടിച്ചുനിന്നു. ഇവിടെ ബിജെപിയുടെ മുന്നേറ്റമാണു പ്രവചിച്ചിരുന്നതെങ്കിലും 21 സീറ്റു നേടിയ കോൺഗ്രസ് ഏറ്റവും ഒറ്റക്കക്ഷിയായി. 19 സീറ്റുമായി നാഷനൽ പീപ്പിൾസ് പാർട്ടി രണ്ടാമതെത്തിയപ്പോൾ ബിജെപിക്ക് ഇവിടെ നേടാനായത് രണ്ടു സീറ്റു മാത്രം. എൻസിപി –1, ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി – 2, യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി – 6, കെഎച്ച്എൻഎഎം –1, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രന്റ് – 4, സ്വന്തന്ത്രർ – മൂന്ന് എന്നിങ്ങനെയാണ് ഇവിടുത്തെ കക്ഷിനില.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സാഹചര്യത്തിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മുതിർന്ന നേതാക്കളായ കമൽ നാഥ്, അഹമ്മദ് പട്ടേൽ എന്നിവരെ കോൺഗ്രസ് നേതൃത്വം ഷില്ലോങ്ങിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, രാഷ്ട്രീയ തന്ത്രജ്ഞനായ ഹിമാന്ത ബിശ്വ ശർമയെ ബിജെപിയും ഇവിടേക്ക് അയച്ചിട്ടുണ്ട്. യുഡിപി, എൻപിപി എന്നീ കക്ഷികളെ കൂട്ടുപിടിച്ച് ഇവിടെ സർക്കാർ രൂപീകരിക്കുമെന്നാണ് ബിജെപിയുെട അവകാശവാദം.

ശക്തമായ ലീഡിൽ തുടക്കത്തിൽ മുന്നേറിയ ബിജെപിയെ കോൺഗ്രസ് പിന്നിലാക്കി. 28 സീറ്റിൽ ലീഡ് നേടി കോൺഗ്രസ് കളത്തിലേക്കു തിരിച്ചെത്തി. എൻപിപി 16 ൽനിന്നു 14 സീറ്റുകളിലേക്കു താഴ്ന്നു. ബിജെപി ലീഡ് ആറിൽ നിന്ന് ഏഴാക്കി ഉയർത്തി. മറ്റുള്ളവർ–10. കഴിഞ്ഞതവണ ഇവിടെ ബിജെപിക്കു സാന്നിധ്യമില്ലായിരുന്നു.

കഥ ഇതു വരെ

ഒൻപതു വർഷമായി കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്ത് 59 സീറ്റിലായിരുന്നു തിരഞ്ഞെടുപ്പ്. വില്യംനഗറിലെ എൻഎസിപി സ്ഥാനാർഥി ജൊനാഥൻ എൻ‍.സാംഗ്‌മ കൊല്ലപ്പെട്ടതിനാൽ ആ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നീട്ടി. 

കോൺഗ്രസിന് എല്ലാ സീറ്റിലും സ്ഥാനാർഥി, ബിജെപിക്ക് 47 സീറ്റിലും. മുൻ ലോക്സഭാ സ്പീക്കർ പി.എ.സാംഗ്‌മ സ്ഥാപിച്ച നാഷനൽ പീപ്പിൾസ് പാർട്ടിക്ക് 52 സീറ്റിലും, സഖ്യമായി മൽസരിക്കുന്നതിൽ‍ യുഡിപിക്ക് 35 സീറ്റിലും എച്ച്എസ്പിഡിപിക്ക് 13 സീറ്റിലും സ്ഥാനാർഥികളുണ്ട്.

കഴിഞ്ഞ തവണ 1.27% മാത്രം വോട്ടു നേടിയ ബിജെപി മാറ്റമാണ് മുദ്രാവാക്യമായി ഉന്നയിച്ചത്. ബിജെപിയെ അധികാരത്തിലേറ്റുന്നത് മേഘാലയയുടെ പൈതൃകത്തെയും സംസ്കാരത്തെയും ഭാഷയെയും മതത്തെയും ബാധിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ വാദം.