Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഘാലയയിലും ബിജെപി സഖ്യം; കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ആറിന്

Conrad–Sangma എൻപിപി നേതാവ് കോൺറാഡ് സാങ്മ ഗവർണറെ കാണാനെത്തിയപ്പോൾ. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ഷില്ലോങ് ∙ കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, മേഘാലയയിൽ കോൺഗ്രസിനെ ‘വെട്ടി’ ബിജെപി സഖ്യം. ഒൻപതു വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് മുൻ ലോക്സഭാ സ്പീക്കർ പി.എ.സാങ്മ സ്ഥാപിച്ച നാഷനൽ പീപ്പിൾസ് പാർട്ടി നേതാവ് കോണ്‍റാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ചയാണു സത്യപ്രതിജ്ഞ. 47 സീറ്റുകളിൽ മൽസരിച്ച് രണ്ടു സീറ്റു മാത്രമേ നേടാനായുള്ളൂവെങ്കിലും എൻപിപി ഉൾപ്പെടെ അഞ്ചു പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നാണ് ബിജെപി ഇവിടെയും ഭരണം പിടിച്ചത്.

ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ, ഒൻപതു വർഷമായി ഭരണത്തിലുള്ള കോൺഗ്രസ് 21 സീറ്റുമായാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. നാഷനൽ പീപ്പിൾസ് പാർട്ടിക്ക് (എൻപിപി) 19 സീറ്റ് ലഭിച്ചു. യുണൈറ്റഡ് ഡമോക്രാറ്റിക് പാർട്ടിക്ക് (യുഡിപി) ആറും. 47 സീറ്റിൽ മൽസരിച്ച ബിജെപി രണ്ടു സീറ്റിൽ മാത്രമാണു വിജയിച്ചത്. പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ട് നാലിടത്തും സ്വതന്ത്രർ മൂന്നിടത്തും വിജയിച്ചു. യുഡിപിയുമായി സഖ്യമുണ്ടായിരുന്ന എച്ച്എസ്പിഡിപിക്കു രണ്ടു സീറ്റുണ്ട്.

ഇതിൽ എൻപിപി, യു‍ഡിപി, എച്ച്എസ്പിഡിപി എന്നീ പാർട്ടികളുമായി ചേർന്നാണ് ഇവിടെ ബിജെപി സർക്കാരുണ്ടാക്കുക. ഈ നാലു പാർട്ടികൾക്കൊപ്പം ഒരു സ്വതന്ത്രന്റെ പിന്തുണ കൂടി ചേർന്നതോടെ ബിജെപി സഖ്യത്തിന് 30 പേരുടെ പിന്തുണയായി. നാലു സീറ്റിൽ വിജയിച്ച പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ടിനെക്കൂടി കൂടെനിർത്താമെന്ന കണക്കുകൂട്ടലിലാണ് അവർ.

ഫലം വ്യക്തമായതിനു പിന്നാലെ പ്രാദേശിക കക്ഷികളുമായി ചർച്ച ആരംഭിച്ച ബിജെപി എൻപിപി, യു‍ഡിപി, എച്ച്എസ്പിഡിപി എന്നീ പാർട്ടികളെ ഒപ്പം നിർത്തുകയായിരുന്നു. ഈ പാർട്ടികളിലെ എംഎൽഎമാരുമൊത്ത് കോണ്‍റാഡ് സാങ്മ മേഘാലയ ഗവർണർ ഗംഗ പ്രസാദിനെ കണ്ടു. മുപ്പത് എംഎൽഎമാരുടെ പിന്തുണ അറിയിക്കുന്ന കത്തും സാങ്മ ഗവർണർക്കു കൈമാറി.

അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഒരിക്കൽക്കൂടി ഭരണം നഷ്ടമായതിന്റെ ഞെട്ടലിലാണ് കോൺഗ്രസ്. മുൻപ് ഗോവയിൽ ഭരണം നഷ്ടപ്പെടുത്തിയതുപോലെ ഇവിടെ സംഭവിക്കാൻ പാടില്ലെന്ന ധാരണയിൽ, ഫലസൂചനകളിൽ മുന്നിലെത്തിയപ്പോൾ തന്നെ മുതിർന്ന നേതാക്കളായ കമൽനാഥിനെയും അഹമ്മദ് പട്ടേലിനെയും പാർട്ടി നേതൃത്വം ഷില്ലോങ്ങിലേക്ക് അയച്ചിരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടു ‘സമാന ചിന്താഗതിക്കാരായ’ പാർട്ടികളുമായി ചർച്ച നടത്താനായിരുന്നു ഇത്. എന്നാൽ, കോൺഗ്രസിന്റെ എല്ലാ നീക്കങ്ങളെയും രാഷ്ട്രീയമായി പരാജയപ്പെടുത്തിയ ബിജെപി ഇവിടെ ഭരണം പിടിക്കുകയായിരുന്നു.

നേരത്തെ, സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് ശനിയാഴ്ച രാത്രി വൈകി ഗവർണർ ഗംഗ പ്രസാദിനെ കണ്ടിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സർക്കാരുണ്ടാക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് കോൺഗ്രസ് ഗവർണറെ ധരിപ്പിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ആദ്യം ക്ഷണിക്കുന്ന പതിവുള്ളതിനാൽ കോൺഗ്രസിന് ആദ്യം അവസരം ലഭിക്കുമെന്ന പ്രതീക്ഷ മുതിർന്ന നേതാവ് കമൽ നാഥ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.