Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഘാലയയിൽ സാങ്മയെ അംഗീകരിക്കാതെ സഖ്യകക്ഷി; ബിജെപിക്ക് ആദ്യ പ്രതിസന്ധി

conrad-sangma-with-governor കോൺറാഡ് സാങ്മ രാജ്ഭവനിലെത്തി ഗവർണറെ കണ്ടപ്പോൾ (ഫയൽ ചിത്രം).

ഷില്ലോങ്∙ രണ്ടു സീറ്റുകൾ കൊണ്ട് 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ വെട്ടി അഞ്ച് കക്ഷികളുടെ സഖ്യവുമായി സർക്കാർ രൂപീകരിക്കാനൊരുങ്ങിയ ബിജെപിക്ക് സത്യപ്രതിജ്ഞയ്ക്കു മുൻപുതന്നെ ആദ്യ പ്രതിസന്ധി. ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന കോൺറാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) അറിയിച്ചു.

മുൻ ലോക്സഭാ സ്പീക്കർ പി.എ. സാങ്മയുടെ മകനും നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) നേതാവുമായ സാങ്മയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാനാണ് എച്ച്എസ്പിഡിപിയുടെ തീരുമാനം. ബിജെപി പ്രസി‍ഡന്റ് അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ എത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്.

ലോക്സഭാംഗം കൂടിയായ സാങ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതു സഖ്യകക്ഷികളോട് ആലോചിക്കാതെയാണെന്ന് എച്ച്എസ്പിഡിപി പ്രസിഡന്റ് ആർഡെന്റ് ബസൈവ്‌മോയിറ്റ് അറിയിച്ചു. 19 സീറ്റുകൾ നേടി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായ എൻപിപിക്കു സർക്കാർ രൂപീകരണത്തിനു രണ്ട് അംഗങ്ങളുള്ള ബിജെപിക്കു പുറമേ, യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുടെ (യുഡിപി) ആറ്, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ നാല്, എച്ച്എസ്പിഡിപിയുടെ രണ്ട്, ഒരു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയുണ്ട്.

അതേസമയം, മേഘാലയയിലെ പ്രാദേശിക പാർട്ടികൾ സഖ്യകക്ഷിയായി ഭരിക്കുന്ന സർക്കാരിൽ ബിജെപിയുടെ ആവശ്യമില്ലെന്നും ബസൈവ്‌മോയിറ്റ് അഭിപ്രായപ്പെട്ടു. ‘ഞങ്ങളെല്ലാം ചേരുമ്പോൾതന്നെ ആവശ്യത്തിനുള്ള അംഗങ്ങളുടെ എണ്ണം തികയും. ബിജെപി, കോൺഗ്രസ് ഇതര സർക്കാരെന്നതാണു ഞങ്ങളുടെ ആദ്യംമുതലുള്ള നിലപാട്. ബിജെപിയില്ലാതെ 32 എംഎൽഎമാരുമായി എൻപിപിക്ക് നേതൃത്വം നൽകി സർക്കാർ രൂപീകരിക്കാം. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എൻപിപി ഇതുവരെ ഉയർത്തിക്കാട്ടിയിരുന്നത് പ്രെസ്റ്റോൺ ടിൻസോങ്ങിനെയായിരുന്നു. ഇപ്പോഴെങ്ങനെ സാങ്മയിലെത്തി?’ – ബസൈവ്‌മോയിറ്റ് ചോദിച്ചു.

സാങ്മ മുഖ്യമന്ത്രിയായാൽ മതിയെന്ന നിലപാടെടുത്ത യുഡിപി പ്രസിഡന്റ് ഡോൻകുപർ റോയിയുടെ വസതിയിലേക്ക് ബസൈവ്‌മോയിറ്റ് പാർട്ടി നേതാക്കളുമായെത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. യുഡിപി ഒറ്റയ്ക്കാണു തീരുമാനം എടുത്തതെന്നും സഖ്യകക്ഷികളാണു മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.