Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രതിമ തകർക്കൽ’ ത്രിപുര, തമിഴ്നാട് വഴി ബംഗാളിൽ; അതൃപ്തി അറിയിച്ച് മോദി

Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി∙ ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തു തുടങ്ങിയ ‘പ്രതിമ തകർക്കൽ പരമ്പര’ തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെ, ഇത്തരം സംഭവങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. വിഷയത്തേക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി ചർച്ച നടത്തിയ മോദി, അക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി.

ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർക്കപ്പെട്ടതിനു പിന്നാലെ തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയ ആചാര്യനായ പെരിയാർ ഇ.വി. രാമസാമി നായ്ക്കറുടെയും കൊൽക്കത്തയിൽ ജനസംഘം സ്ഥാപകനേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പ്രതിമകളും തകർക്കപ്പെട്ടു. പ്രതിമകൾ തകർക്കുന്നതിനെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്നത്തിൽ ഇടപെട്ടത്.

ഭരണമാറ്റം സംഭവിച്ച ത്രിപുരയിൽ ബിജെപി സഖ്യം അധികാരം പിടിച്ചതിനു പിന്നാലെ സിപിഎം പ്രവർത്തകർക്കും ഓഫിസുകൾക്കും നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി അഗർത്തലയ്ക്കു സമീപം ബെലോണിയയിൽ ലെനിന്റെ വൻപ്രതിമ ജെസിബി ഉപയോഗിച്ചു തകർത്തു. സബ്രൂം മോട്ടോര്‍സ്റ്റാന്റിലെ മറ്റൊരു ലെനിൻ പ്രതിമയും തകർക്കപ്പെട്ടു. കോൺഗ്രസ് ഓഫിസുകളും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ലെനിന്റെ പ്രതിമ തകർത്തതിനു സമാനമായി തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയ ആചാര്യനായ പെരിയാർ ഇ.വി.രാമസാമി നായ്ക്കറുടെ പ്രതിമകളും ആക്രമിക്കപ്പെട്ടത് സ്ഥിതിഗതികൾ വഷളാക്കി. ചൊവ്വാഴ്ച രാത്രിയായിരുന്നു ഇത്. ലെനിന്റെ പ്രതിമ തകർത്തതുപോലെ തമിഴ്നാട്ടിലെ പെരിയാർ പ്രതിമകളും നീക്കം ചെയ്യുമെന്ന ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എച്ച്. രാജയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിനു പിന്നാലെയാണ് വെല്ലൂരിൽ പെരിയാർ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായത്.

രാജയുടെ അഭിപ്രായ പ്രകടനം വിവാദമായതിനു പിന്നാലെ പോസ്റ്റ് അപ്രത്യക്ഷമായിരുന്നു. സംഭവത്തിൽ പൊലീസ് രാജയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിമ തകർത്ത സംഭവത്തിൽ അറസ്റ്റിലായ രണ്ടു പേർ ബിജെപി, സിപിഐ പ്രവർത്തകരാണെന്നും മദ്യലഹരിയിലായിരുന്നു സംഭവമെന്നും പൊലീസ് പറഞ്ഞു. പ്രതിമ തകർത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയരുന്നത്. കോയമ്പത്തൂരിൽ ബിജെപി ഓഫിസിനുനേരെ അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞു. ബൈക്കിലെത്തിയ സംഘമാണ് അക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എച്ച്.രാജയുടെ കോലം കത്തിച്ചു. വെല്ലൂരിലെ ബിജെപി ഓഫിസിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ചെന്നൈയിലേത് അടക്കമുള്ള പ്രധാന പെരിയാർ പ്രതികൾക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കി.

അതിനിടെ, ഇന്നു രാവിലെ കൊൽക്കത്തയിൽ ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ അക്രമികൾ തകർത്തതു കാര്യങ്ങൾ സങ്കീർണമാക്കി. പ്രതിമയിൽ കരിഓയിൽ ഒഴിക്കുകയും മുഖഭാഗങ്ങൾ തകർക്കുകയും ചെയ്തിട്ടുണ്ട്. ത്രിപുരയിലെ സംഘർഷങ്ങൾക്കും പ്രതിമ തകർക്കലിനും എതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

അതേസമയം, ത്രിപുരയുടെ പല ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമങ്ങളിൽ 240 പേർക്കു പരുക്കേറ്റതായി സിപിഎം അറിയിച്ചു. സിപിഎം ആക്രമണത്തിൽ 49 പേർക്കു പരുക്കേറ്റതായി ബിജെപിയും വ്യക്തമാക്കി.