Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരിയോർ പ്രതിമ തകർത്ത സംഭവം: സിസിടിവിയിൽ ‘കുടുങ്ങി’ സിആർപിഎഫ് ജവാൻ

periyar-statue-puthukotai പുതുക്കോട്ടയിൽ തകർക്കപ്പെട്ട പെരിയോർ പ്രതിമ. ചിത്രം: എഎൻഐ, ട്വിറ്റർ

ചെന്നൈ∙ തമിഴ്നാട് പുതുക്കോട്ടൈ ജില്ലയിലെ പെരിയോർ പ്രതിമ തകർത്ത സംഭവത്തിൽ സിആർപിഎഫ് ജവാനെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പറഞ്ഞു. ഛത്തീസ്ഗഡിൽ ജോലി ചെയ്യുന്ന വിതുദി സ്വദേശിയായ സെന്തിൽ‌ കുമാറാണു പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് തമിഴ്നാട് നിയമസഭയില്‍ ഡിഎംകെയുടെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി അറിയിച്ചു.

ഇന്നലെ രാത്രിയാണു പെരിയോറുടെ പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ വിദുതിയിലെ വീട്ടിൽ നിന്നു പുതുക്കോട്ടൈ പൊലീസ് സെന്തിൽകുമാറിനെ അറസ്റ്റു ചെയ്യുന്നത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം പ്രതിമ തകർക്കുമ്പോൾ‌ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു പ്രതി. കഴിഞ്ഞ 19നാണ് വിദുതി ജില്ലയിലെ പെരിയോർ പ്രതിമയുടെ തല തകർ‌ത്ത നിലയിൽ‌ കണ്ടെത്തിയത്.

2013ൽ പെരിയോറുടെ പ്രതിമ സ്ഥാപിക്കുമ്പോൾ അതുതകർക്കുമെന്ന് പ്രതിയായ സെന്തിൽ കുമാർ ഭീഷണിയുയർത്തിയിരുന്നെന്നു പൊലീസ് വ്യക്തമാക്കി. അറസ്റ്റു ചെയ്ത പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു. നേരത്തേ തമിഴ്നാട് വെല്ലൂരിലും പെരിയോറുടെ പ്രതിമ തകർത്തിരുന്നു. ഈ സംഭവത്തിൽ ഒരു ബിജെപി പ്രവർത്തകനുൾപ്പെടെ രണ്ടു പേരെയാണ് അറസ്റ്റു ചെയ്തത്.

ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതിനു പിന്നാലെ തമിഴ്നാട്ടിലെ  പെരിയോറുടെ പ്രതിമകൾക്കെതിരെ ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ രംഗത്തുവന്നത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. രാജയുടെ പ്രസ്താവനകളാണ് പ്രശ്നങ്ങൾക്കു കാരണമെന്നും അദ്ദേഹത്തെ അറസ്റ്റു ചെയ്യണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിലൂടെ പെരിയോർ പ്രതിമയ്ക്കെതിരെ പ്രതികരിച്ച രാജ പിന്നീട് കുറിപ്പ് പിൻവലിച്ചിരുന്നു.

related stories