മണിക് സർക്കാർ ഇനി താമസിക്കുക സിപിഎം ഓഫിസിൽ; പുസ്തകങ്ങൾ പാർട്ടിക്ക്

മണിക് സർക്കാർ

അഗർത്തല∙ നീണ്ട കാലത്തെ ഭരണത്തിനുശേഷം ‘വിശ്രമിക്കാൻ’ ഒരുങ്ങുന്ന ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് വീടാകും. 20 കൊല്ലത്തെ ഭരണത്തിനുശേഷം മുഖ്യമന്ത്രി പദമൊഴിഞ്ഞ സർക്കാർ വ്യാഴാഴ്ച തന്നെ പുതിയ വീട്ടിലേക്കു താമസം മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജൻ ധർ മാധ്യമപ്രവർത്തകരെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ മാർക്സ് – ഏംഗൽസ് സരണിക്ക് 500 മീറ്റർ അടുത്താണ് പുതിയ വീട്.

പാർട്ടി ഓഫിസിന്റെ ഗസ്റ്റ് ഹൗസിലെ ഒരു മുറിയിലായിരിക്കും മണിക് സർക്കാരും ഭാര്യ പാഞ്ചാലി ഭട്ടാചാര്യയും താമസിക്കുക. പാർട്ടി ഓഫിസിന്റെ അടുക്കളയിലുണ്ടാക്കുന്ന ഭക്ഷണമായിരിക്കും ഇരുവരും കഴിക്കുകയെന്നും സിപിഎം ഓഫിസ് സെക്രട്ടറി ഹരിപദ ദാസ് പറഞ്ഞു.

‘തന്റെ പുസ്തകങ്ങളും വസ്ത്രങ്ങളും ചില സിഡികളും അദ്ദേഹം പായ്ക്ക് ചെയ്ത് അയച്ചിട്ടുണ്ട്. പുതിയ സർക്കാർ, ക്വാർട്ടേഴ്സ് അനുവദിച്ചാൽ അതിലേക്ക് മണിക് സർക്കാറും കുടുംബവും മാറിത്താമസിച്ചേക്കും’ – ദാസ് വ്യക്തമാക്കി.

മാർക്സിസ്റ്റ് സാഹിത്യവും പുസ്തകങ്ങളും പാർട്ടി ഓഫിസ് വായനശാലയിലേക്കു നൽകുമെന്ന് മണിക് സർക്കാരിന്റെ ഭാര്യ നേരത്തേ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞിരുന്നു. മണിക് സർക്കാർ – പാഞ്ചാലി ഭട്ടാചാര്യ ദമ്പതികൾക്ക് മക്കളുമില്ല.