സജീവ രാഷ്ട്രീയത്തിൽ തുടരും; ബിജെപിയെ തറപറ്റിച്ച് 2019ൽ ഭരണം പിടിക്കും: സോണിയ

മുംബൈ∙ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നു മാറിയെങ്കിലും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്ന വ്യക്തമായ സൂചന നല്‍കി സോണിയ ഗാന്ധി. പാർട്ടി ആവശ്യപ്പെട്ടാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സോണിയ പറഞ്ഞു. നിലവിൽ റായ്ബറേലി എംപിയാണു സോണിയ. പാർട്ടി നിർദേശിക്കുകയാണെങ്കിൽ 2019ലും അവിടെ നിന്നുതന്നെ മത്സരിക്കുമെന്നും സോണിയ പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അവർ.

19 വർഷം പാർട്ടി തലപ്പത്തിരുന്ന സോണിയ ഏതാനും മാസങ്ങൾക്കു മുൻപാണ് പാർട്ടി അധ്യക്ഷ സ്ഥാനം മകൻ രാഹുൽ ഗാന്ധിക്കു കൈമാറിയത്. ഇതോടെ എഴുപത്തിയൊന്നുകാരിയായ സോണിയ സജീവ രാഷ്ട്രീയത്തിൽ നിന്നു പിന്മാറുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. അതേസമയം, മകൾ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ടു തനിക്കൊന്നും അറിയില്ലെന്നും സോണിയ പറഞ്ഞു. നിലവിൽ മക്കളുടെ കാര്യത്തിലാണു പ്രിയങ്ക പ്രാമുഖ്യം നൽകുന്നത്. റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ പ്രിയങ്ക ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഭാവിയിൽ ഒരു മറുപടിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സോണിയ വ്യക്തമാക്കി.

കേന്ദ്രത്തിൽ അടുത്ത വർഷം കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തുമെന്നും സോണിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു കാരണവശാലും ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തെ വിജയിക്കാൻ അനുവദിക്കില്ല. ജനങ്ങളോടു തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ സംബന്ധിച്ചു നുണ പറയാനില്ല. നടപ്പാക്കാൻ സാധിക്കാത്ത കാര്യങ്ങൾ പറഞ്ഞു പറ്റിക്കാനുമില്ല. ജനാധിപത്യത്തിൽ ഭിന്നാഭിപ്രായങ്ങൾക്കും സംവാദങ്ങൾക്കുമെല്ലാം സ്ഥാനമുണ്ട്. അല്ലാതെ ഒരാൾ പറയുന്നതു മാത്രമാണു ശരിയെന്നു കരുതാൻ പാടില്ലെന്നും മോദിയെ ലക്ഷ്യംവച്ച് സോണിയ പറഞ്ഞു.

തന്റെ പരിമിതികൾ അറിയാവുന്നതു കൊണ്ടാണ് 2004ൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു മാറി നിന്നത്. തന്നേക്കാളും മികച്ച പ്രധാനമന്ത്രിയായിരിക്കും മൻമോഹൻ സിങ് എന്ന് ഉറപ്പായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി സോണിയ പറഞ്ഞു. 2014ലെ പരാജയത്തപ്പറ്റിയും സോണിയ വിശദീകരിച്ചു. രണ്ടു തവണ അധികാരത്തിലെത്തിയെങ്കിലും ‘മറ്റു ചില കാരണങ്ങള്‍ക്കൊപ്പം’ ഭരണവിരുദ്ധ വികാരവും കോൺഗ്രസിനു തിരിച്ചടിയായി. കൃത്യമായ മാർക്കറ്റിങ്ങിനു കോൺഗ്രസിനു സാധിച്ചില്ല. നരേന്ദ്ര മോദിയുടെ ക്യാംപെയ്ൻ രീതികളെ മറികടക്കാനും സാധിച്ചില്ലെന്നും സോണിയ പറഞ്ഞു.

ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തിൽ സംഘടനാതലത്തിൽ തന്നെ കോൺഗ്രസിൽ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. പദ്ധതികളും നയങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിലും മാറ്റം വരുത്തണം. തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് രാഹുലിന് നല്ല ബോധ്യമുണ്ട്. അതിനിടയിൽ താൻ നിർദേശം നൽകാറില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രം ഇടപെടാം. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങളെയും ഉൾപ്പെടുത്തി പാർട്ടിക്കു പുതുജീവൻ പകരാനാണു രാഹുലിന്റെ ശ്രമം. അതത്ര എളുപ്പമല്ല. മുതിർന്ന നേതാക്കൾ പാർട്ടിക്കു നൽകിയിരിക്കുന്ന സേവനങ്ങളെ മാനിച്ചുകൊണ്ടു തന്നെയായിരിക്കും രാഹുൽ മാറ്റങ്ങൾ കൊണ്ടുവരികയെന്നും സോണിയ പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ സമയത്ത് രാഹുൽ ഇറ്റലിയിലേക്കു പോയതിനും സോണിയ വിശദീകരണം നൽകി– ‘അമ്മൂമ്മയെ കാണാനാണു രാഹുൽ ഇറ്റലിയിലേക്കു പോയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തിയാക്കിയായിരുന്നു യാത്ര’. മൃദു ഹിന്ദുത്വ സമീപനത്തിലേക്കു കോൺഗ്രസ് മാറിയെന്ന ആരോപണത്തെയും സോണിയ തള്ളി. കോൺഗ്രസിനെ മുസ്‌ലിം പാർട്ടിയെന്നാണ് എതിരാളികൾ വിളിക്കുന്നത്. നേരത്തേയും ഞങ്ങൾ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ അതാരെയും വിളിച്ചറിയിച്ചിരുന്നില്ലെന്നും രാഹുലിന്റെ ക്ഷേത്രസന്ദർശന വിവാദത്തിനുള്ള മറുപടിയായി സോണിയ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് അവർക്കെതിരെ വിവിധ കേസുകൾ ചുമത്തുന്നതാണു സര്‍ക്കാരിന്റെ രീതിയെന്നും കാർത്തി ചിദംബരത്തിന്റെ അറസ്റ്റിനെപ്പറ്റിയുള്ള ചോദ്യത്തിന്മേൽ സോണിയ മറുപടി നൽകി. മോദിയെ വ്യക്തിപരമായി അറിയില്ല. എ.ബി. വാജ്പേയിയുടെ കാലത്ത് ഇരു രാഷ്ട്രീയ ധ്രുവങ്ങളിലായിരുന്നതിന്റെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും സോണിയ പറഞ്ഞു. പ്രധാനമന്ത്രിക്ക് എന്ത് ഉപദേശമാണു നൽകാനുള്ളതെന്ന ചോദ്യത്തിന് ഇതായിരുന്നു ഉത്തരം– ‘മോദിയെ ഉപദേശിക്കാൻ ഞാൻ ആളല്ല. അതിന് ഇപ്പോൾ തന്നെ അദ്ദേഹത്തിനു ചുറ്റിലും ഒട്ടേറെപ്പേരുണ്ട്...’

സ്ഥാനമൊഴിഞ്ഞതിനു ശേഷം ഇപ്പോൾ ഏറെ ഒഴിവു സമയമുണ്ടെന്നും സോണിയ പറഞ്ഞു. സിനിമ കാണാനും പുസ്തകങ്ങൾ വായിക്കാനുമാണു സമയം ചെലവഴിക്കുന്നത്. ഒപ്പം ഇന്ദിരാഗാന്ധിയും രാജിവ് ഗാന്ധിയും എഴുതിയിരുന്ന കത്തുകളും പരിശോധിക്കുകയാണ്. അവയെല്ലാം ഡിജിറ്റൽ രേഖകളാക്കി മാറ്റാനാണു ശ്രമമെന്നും സോണിയ വ്യക്തമാക്കി.