ടി.പി. ചന്ദ്രശേഖരൻ സിപിഎം വിരുദ്ധനായിരുന്നില്ലെന്ന് കോടിയേരി; മറുപടിയുമായി രമ

കണ്ണൂർ∙ ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ പാർട്ടി വിരുദ്ധനായിരുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രശ്നം തീർന്നാൽ സിപിഎമ്മിനോട് അടുക്കാൻ ചന്ദ്രശേഖരൻ ആഗ്രഹിച്ചിരുന്നു. സിപിഎം നശിക്കണമെന്നു ടി.പിക്ക് താൽപര്യമുണ്ടായിരുന്നില്ല. ആർഎംപിയെ കോൺഗ്രസ് കൂടാരത്തിലെത്തിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ആർഎംപി കെ.കെ. രമയുടെ മാത്രം പാർട്ടിയായി മാറിയെന്നും കോടിയേരി പറഞ്ഞു.

2012 മെയ് നാലിനാണ് ആർഎംപി നേതാവായ ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന ടി.പി പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞാണ് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർഎംപി) രൂപീകരിച്ചത്. 

ടി.പി. ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചനക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ കഴിഞ്ഞ മാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സമാനമായ രണ്ടു പരാതികളിൽ നേരത്തേ അന്വേഷണം നടത്തിയിട്ടുണ്ട്.  എന്നാൽ അന്നു പല കാരണങ്ങൾ പറഞ്ഞ് സിബിഐ അതു നിഷേധിച്ചിരുന്നെന്നാണു സർക്കാർ‌ കോടതിയിൽ പറഞ്ഞത്.

സിപിഎമ്മിലേക്ക് പോകാൻ ആഗ്രഹിച്ചെങ്കിൽ കൊലപ്പെടുത്തിയത് എന്തിന്: രമ

കോടിയേരിക്കെതിരെ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആർഎംപി നേതാവുമായ കെ.കെ. രമയും രംഗത്തെത്തി. സിപിഎമ്മിലേക്ക് മടങ്ങാൻ ടി.പി ആഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണ് ടിപിയെ കൊലപ്പെടുത്തിയതെന്നു രമ ചോദിച്ചു. ആർഎംപി ടി.പി. ചന്ദ്രശേഖരന്റെ പാർട്ടിയാണ്, രമയുടേതല്ല. നാണമില്ലാതെ നുണ പറയുകയാണ് കോടിയേരി ചെയ്യുന്നത്. അണികള്‍ കൊഴിഞ്ഞുപോകുന്നതിലുള്ള വെപ്രാളമാണ് ഇത്തരം പ്രസ്താവനകളിലൂടെ സിപിഎം പ്രകടിപ്പിക്കുന്നതെന്നും രമ പറഞ്ഞു.