പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘രാഖി സഹോദരി’ 104–ാം വയസ്സിൽ അന്തരിച്ചു

കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദിക്ക് രാഖി കെട്ടാനായി ശർബതി ദേവി എത്തിയപ്പോൾ.

ധൻബാദ്∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു രാഖി കെട്ടി പ്രശസ്തിയിലേക്കുയർന്ന വയോധിക അന്തരിച്ചു. ജാർഖണ്ഡിലെ ധൻബാദിൽ നിന്നുള്ള ശർബതി ദേവിയാണ് 104–ാം വയസ്സിൽ അന്തരിച്ചത്. സംസ്കാരം ഇന്നു നടക്കും. കഴിഞ്ഞ വർഷമാണു ലോക് കല്യാൺ മാർഗിലുള്ള മോദിയുടെ ഔദ്യോഗിക വസതിയിലെത്തി ശർബതി ദേവി മോദിക്കു രാഖി കെട്ടിക്കൊടുത്തത്.

50 വർഷം മുൻപ് മരിച്ചു പോയ സഹോദരന്റെ ഓർമയിലാണ് പ്രധാനമന്ത്രിക്കൊപ്പം രക്ഷാബന്ധൻ ആഘോഷിക്കണമെന്ന ആഗ്രഹം ശർബതി ദേവി പ്രകടിപ്പിച്ചത്. മകൻ ഇക്കാര്യം കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു കത്തയയ്ക്കുകയും ചെയ്തു. തുടർന്നാണു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രക്ഷാബന്ധൻ ദിനത്തിൽ ശർബതിയെ മോദി ഔദ്യോഗിക വസതിയിലേക്കു ക്ഷണിച്ചത്. വീൽചെയറിൽ എത്തിയ ഇവർ മോദിക്ക് രാഖി കെട്ടുകയും ചെയ്തു.

സംഭവം ദേശീയ തലത്തിലും വൻ വാർത്തയായി. മോദിയുടെ ‘രാഖി സഹോദരി’ എന്നായിരുന്നു മാധ്യമങ്ങൾ ശർബതിയെ വിശേഷിപ്പിച്ചത്. ഇവർക്കൊപ്പം സ്കൂൾ കുട്ടികളും രാഖി കെട്ടാനെത്തിയിരുന്നു. മോദിയുടെ രക്ഷാബന്ധൻ ആഘോഷങ്ങളും കഴിഞ്ഞ വർഷം പൂർണമായും ശർബതിക്കും സ്കൂൾ കുട്ടികൾക്കുമൊപ്പമായിരുന്നു. ശർബതിക്കൊപ്പം ഏറെ നേരം സമയം ചെലവഴിക്കാനും മോദി തയാറായി.

ധൻരാജ് അഗർവാളാണ് ശർബതിയുടെ ഭർത്താവ്. ഒൻപതു മക്കളുമുണ്ട്. ഭർത്താവും രണ്ടു മക്കളും നേരത്തേ മരിച്ചു. ശേഷിച്ച നാല് ആൺമക്കൾക്കും മൂന്നു പെൺമക്കൾക്കുമൊപ്പമായിരുന്നു ജീവിതം. പ്രായാധിക്യം മൂലമുള്ള അവശതകളാലാണു മരണം.